കോട്ടയത്ത് മൂന്നിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; 15 തദ്ദേശ സ്ഥാപനങ്ങളില്‍ മുട്ട, ഇറച്ചി വില്‍പ്പന നിരോധിച്ചു

Update: 2022-12-24 04:22 GMT

കോട്ടയം: ജില്ലയില്‍ മൂന്നിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. ആര്‍പ്പൂക്കര, വെച്ചൂര്‍, നീണ്ടൂര്‍ എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ ഡോ.പി കെ ജയശ്രീ പറഞ്ഞു. പാടശേഖരങ്ങളില്‍ പാര്‍പ്പിച്ച താറാവുകളും കോഴികളും കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്നു ഭോപാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡീസിസസ് ലാബില്‍ നടത്തിയ പരിശോധനയിലാണ് എച്ച്5 എന്‍1 സ്ഥിരീകരിച്ചത്.

രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഏഴായിരത്തി നാനൂറോളം പക്ഷികളെ മൃഗസംരക്ഷണവകുപ്പിന്റെ മേല്‍നോട്ടത്തില്‍ ദയാവധം ചെയ്ത് സംസ്‌കരിക്കും. ഇവിടെ അണുനശീകരണം നടത്താനുള്ള നടപടികള്‍ സ്വീകരിക്കും. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ 15 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ മുട്ട, ഇറച്ചി വില്‍പ്പന മൂന്നുദിവസത്തേക്ക് നിരോധിച്ചു.

വൈക്കം, കോട്ടയം, ഏറ്റുമാനൂര്‍ എന്നീ നഗരസഭകള്‍, വെച്ചൂര്‍, കുറുപ്പുന്തറ, തലയാഴം, തലയോലപ്പറമ്പ്, കല്ലറ, നീണ്ടൂര്‍, ടിവി പുരം, ഉദയനാപുരം, കുമരകം, ആര്‍പ്പൂക്കര, അയ്മനം, അതിരമ്പുഴ എന്നീ ഗ്രാമപ്പഞ്ചായത്തുകളിലും കോഴി, താറാവ്, കാട, മറ്റുവളര്‍ത്തുപക്ഷികള്‍ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ വില്‍പ്പനയും കടത്തലും (ഡിസംബര്‍ 23 മുതല്‍) മൂന്നുദിവസത്തേക്ക് നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി.

രോഗബാധയേറ്റ മൂന്ന് മുതല്‍ അഞ്ചുദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുകയും കൂട്ടത്തോടെയുള്ള മരണമുണ്ടാവുകയും ചെയ്യുന്നതാണ്. സാധാരണ ഈ വൈറസുകള്‍ മനുഷ്യരിലേക്ക് പകരാറില്ലെങ്കിലും ശ്രദ്ധിക്കണം. മൃഗസംരക്ഷവകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍, റവന്യൂ, പോലിസ്, വനംവകുപ്പ്, ആരോഗ്യവകുപ്പ്, ഫയര്‍ ആന്റ് റെസ്‌ക്യൂ എന്നീ വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനത്തിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

Tags:    

Similar News