ബിരേന്‍ സിങ് മാപ്പു പറഞ്ഞു; എന്തുകൊണ്ട് പ്രധാനമന്ത്രിക്ക് മണിപ്പൂരില്‍ പോകാന്‍ തോന്നുന്നില്ല: ജയറാം രമേഷ്

Update: 2025-01-01 06:08 GMT

ന്യഡല്‍ഹി: രാജ്യത്തും ലോകമെമ്പാടും സഞ്ചരിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്തുകൊണ്ട് മണിപ്പൂരില്‍ പോയി ജനങ്ങളുമായി സംവദിക്കാന്‍ കഴിയില്ലെന്ന ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ്. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് സംസ്ഥാനത്തെ വംശീയ സംഘര്‍ഷത്തില്‍ മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് പരാമര്‍ശം.

''പ്രധാനമന്ത്രിക്ക് മണിപ്പൂരില്‍ പോയി ഇതേ കാര്യം പറയാനാകാത്തത്? 2023 മെയ് 4 മുതല്‍ രാജ്യവും ലോകവും ചുറ്റിക്കറങ്ങുമ്പോഴും അദ്ദേഹം സംസ്ഥാനം സന്ദര്‍ശിക്കുന്നത് ബോധപൂര്‍വ്വം ഒഴിവാക്കി'' ജനറല്‍ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു. മണിപ്പൂരിലെ ജനങ്ങള്‍ക്ക് ഈ അവഗണന മനസ്സിലാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

2023 മെയ് മുതല്‍ 250-ലധികം പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കുകയും ചെയ്ത മണിപ്പൂരിലെ വംശീയ സംഘര്‍ഷത്തില്‍ ബിരേന്‍ സിങ് ക്ഷമാപണം നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കഴിഞ്ഞ വര്‍ഷത്തെതെറ്റുകള്‍ മറന്ന് പുതുവര്‍ഷം സമാധാനത്തോടെ ജീവിക്കാമെന്നായിരുന്നു ബിരേന്‍ സിങ് പറഞ്ഞത്

'സംസ്ഥാനത്ത് സംഭവിച്ചതില്‍ എനിക്ക് ഖേദമുണ്ട്. നിരവധി ആളുകള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു, പലര്‍ക്കും അവരുടെ വീടുകള്‍ വിട്ടുപോകേണ്ടിവന്നു. എനിക്ക് ഖേദമുണ്ട്, ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അടുത്ത വര്‍ഷം സാധാരണ നില പുനഃസ്ഥാപിക്കും, അത് സമാധാനത്തിന്റെതായിരിക്കും.സംഭവിച്ചത് സംഭവിച്ചു. നമ്മുടെ മുന്‍കാല തെറ്റുകള്‍ ക്ഷമിക്കാനും മറക്കാനും സമാധാനപൂര്‍വ്വം ഒരുമിച്ച് ജീവിക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു'എന്നായിരുന്നു സിങിന്റെ പ്രസ്താവന. 2023 മെയ് മാസത്തില്‍ വംശീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം കഴിഞ്ഞ 20 മാസത്തിനിടെ സംസ്ഥാനത്ത് വെടിവയ്പ്പ് സംഭവങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു.

Tags:    

Similar News