കോട്ടയം: ബഫര്‍സോണ്‍ സമരം തുടരുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍. വനംമന്ത്രി എ കെ ശശീന്ദ്രനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. മലയോര ജനതയുടെ നിലനില്‍പ്പിന് വേണ്ടിയുള്ള പ്രതിഷേധമാണിത്. പ്രശ്‌നത്തിന് പരിഹാരമുണ്ടാവും വരെ സമരം തുടരുമെന്നും സമരം സര്‍ക്കാരിനെതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കക്ഷി രാഷ്ട്രീയത്തിനും ജാതിമത വ്യത്യാസങ്ങള്‍ക്കും അതീതമായി ജനങ്ങളുടെ ആശങ്കകള്‍ സര്‍ക്കാരിനെ അറിയിക്കുക എന്നതാണ് തങ്ങളുടെ ദൗത്യം. ഒരു കുടുംബത്തിനു പോലും പ്രശ്‌നമുണ്ടാവാത്ത രീതിയില്‍ പ്രശ്‌നപരിഹാരത്തിനുള്ള റിപോര്‍ട്ട് സര്‍ക്കാര്‍ സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും രൂപതാ അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. ബഫര്‍സോണ്‍ നടപടികള്‍ സര്‍ക്കാര്‍ പുനപ്പരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വനംമന്ത്രി രൂപതാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയത്.
അതേസമയം, ബഫര്‍സോണ്‍ മേഖലയിലെ പരാതികള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് കടുത്ത അലംഭാവമെന്ന് പരാതി ഉയര്‍ന്നു. ഇതുവരെ ലഭിച്ച 26,030 പരാതികളില്‍ തീര്‍പ്പാക്കിയത് 18 പരാതികള്‍ മാത്രമാണ്. പരാതി നല്‍കാനുള്ള സമയപരിധി ശനിയാഴ്ച തീരാനിരിക്കെയാണ് ഗുരുതരമായ മെല്ലപ്പോക്കാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. സുപ്രിംകോടതി കേസ് 11 ന് പരിഗണിക്കുന്നതിന് മുമ്പ് പരാതികള്‍ പരിഹരിച്ച് റിപോര്‍ട്ട് നല്‍കുമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിക്കാനുള്ള സാധ്യത കുറവാണ്.