ബിജെപി സ്ത്രീകളെ രണ്ടാംകിട പൗരന്മാരായി കാണുന്നു; കടന്നാക്രമിച്ച്‌ രാഹുൽ ഗാന്ധി

Update: 2024-05-23 14:58 GMT

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ കടന്നാക്രമിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്ത്രീകളെ രണ്ടാംകിട പൗരന്മാരായാണ് ബിജെപി കാണുന്നതെന്നും അതുകൊണ്ടാണ് അവരുടെ പ്രത്യയശാസ്ത്ര രക്ഷിതാവായ ആര്‍എസ്എസ് സ്ത്രീകളെ അതിന്റെ ശാഖകളില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി ലോക്‌സഭ സ്ഥാനാര്‍ത്തി ഉദിത് രാജിന്റെ പ്രചാരണത്തിനായി മംഗോള്‍പുരിയില്‍ സംഘടിപ്പിച്ച സ്ത്രീ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ഏറെ കൊട്ടിഘോഷിച്ചാണ് ബിജെപി പാര്‍ലമെന്റില്‍ വനിത സംവരണ ബില്‍ പാസാക്കിയത്. പിന്നീടാണ് ബില്ലിലെ നിര്‍ദേശങ്ങള്‍ 10 വര്‍ഷങ്ങള്‍ക്കുശേഷമെ നടപ്പാക്കൂ എന്ന് അവര്‍ പറയുന്നത്. ആറാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനമായ വ്യാഴാഴ്ച രാഹുല്‍ ഡല്‍ഹി മെട്രോയില്‍ സഞ്ചരിച്ച് യാത്രക്കാരുമായി സംദവിക്കാനും സമയം കണ്ടെത്തി. ശനിയാഴ്ചയാണ് ഡല്‍ഹി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്.

മെട്രോയിലെ സഹയാത്രികരെ നേരിട്ടുകണ്ട് അവരുടെ ക്ഷേമം ആരാഞ്ഞു, ഡല്‍ഹിയില്‍ മെട്രോ നിര്‍മിക്കാനുള്ള ഞങ്ങളുടെ തീരുമാനം പൊതുഗതാഗതത്തിന് വളരെ ഉപകാരപ്രദമായെന്ന് തെളിയിച്ചതില്‍ സന്തോഷമുണ്ടെന്നും രാഹുല്‍ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. കൂടാതെ, സഹയാത്രികര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. അധികാരത്തിലെത്തിയാല്‍ സ്ത്രീകളുടെ ഉന്നമനത്തിനായി മഹാലക്ഷ്മി യോജന പദ്ധതി നടപ്പാക്കും. ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് മാസത്തില്‍ 8,500 രൂപയും വര്‍ഷത്തില്‍ ഒരു ലക്ഷം രൂപയും നല്‍കുന്നതാണ് കോണ്‍ഗ്രസിന്റെ ഈ പദ്ധതി. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ എല്ലാ സര്‍ക്കാര്‍ ജോലികളിലും സ്ത്രീകള്‍ക്കുള്ള സംവരണം വര്‍ധിപ്പിക്കുമെന്നും രാഹുല്‍ വോട്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കി.

രാജ്യത്തിന്റെ ഭരണഘടനയെ കീറിയെറിയാനാണ് ബിജെപി എപ്പോഴും ആഗ്രഹിക്കുന്നതെന്ന് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കനയ്യ കുമാറിന്റെ പ്രചാരണത്തില്‍ പങ്കെടുത്ത് രാഹുല്‍ പറഞ്ഞു. ബിജെപി ഒരിക്കലും ഇന്ത്യന്‍ ഭരണഘടനയെയോ, ദേശീയ പതാകയേയോ അംഗീകരിച്ചിട്ടില്ല. ഈ തിരഞ്ഞെടുപ്പില്‍ അവര്‍ അത് പരസ്യമായി സമ്മതിച്ചെന്നും രാഹുല്‍ പറഞ്ഞു.

Tags:    

Similar News