'കേന്ദ്രം ഹിന്ദുത്വം പ്രചരിപ്പിക്കുന്നു' : മെഹബൂബ മുഫ്തിയുടെ വിമര്‍ശനത്തെ അപലപിച്ച് ബിജെപി

Update: 2022-09-20 07:42 GMT

ശ്രീനഗര്‍: ബിജെപിയുടെ ഹിന്ദുത്വ അജണ്ട കേന്ദ്ര സര്‍ക്കാര്‍ പ്രചരിപ്പിക്കുകയാണെന്ന് വിമര്‍ശിച്ച പിഡിപി നേതാവ് മെഹ്ബൂബ മുഫ്ത്തിയെ വിമര്‍ശിച്ച് ബിജെപി. മുതിര്‍ന്ന ബിജെപി നേതാവും ജമ്മു കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ കവിന്ദര്‍ ഗുപ്തയാണ് മുഫ്തിക്കെതിരേ വിമര്‍ശനവുമായി രംഗത്തുവന്നത്.

പിഡിപി നേതാവ് എല്ലാം വിവാദമാക്കുകയാണെന്നും നല്ല ചിന്തകള്‍ ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

'എല്ലാം വിവാദമാക്കാനാണ് മെഹബൂബ മുഫ്തി ശ്രമിക്കുന്നത്. കശ്മീരിലെ ഒരു സ്‌കൂളില്‍ പാടുന്ന 'രഘുപതി രാഘവ് രാജാ റാം' എന്ന ഭജനയെക്കുറിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നു'- ഗുപ്ത ആരോപിച്ചു.

കശ്മീരിലെ ഒരു സ്‌കൂളിലെ കുട്ടികള്‍ അസംബ്ലിയുടെ ഭാഗമായി ഭജന ചൊല്ലുന്ന വീഡിയോ പങ്കുവച്ചായിരുന്നു മെഹബൂബ മുഫ്തിയുടെ വിമര്‍ശനം. ഭജനക്കൊപ്പം കുട്ടികള്‍ കൈകള്‍ വീശുന്നതും വീഡിയോയില്‍ കാണുന്നുണ്ട്.

, 'മതപണ്ഡിതരെ ജയിലില്‍ അടയ്ക്കുന്നതും ജുമാ മസ്ജിദ് അടച്ചുപൂട്ടുന്നതും സ്‌കൂള്‍ കുട്ടികളെ ഹിന്ദു സ്തുതിഗീതങ്ങള്‍ ആലപിക്കാന്‍ നിര്‍ദ്ദേശിക്കുന്നതും ഇന്ത്യാ ഗവണ്‍മെന്റിന്റെ ഹിന്ദുത്വ അജണ്ടയെ തുറന്നുകാട്ടുന്നു. ഈ ഭ്രാന്തന്‍ നിര്‍ദ്ദേശങ്ങള്‍ നിരസിക്കുന്നത് പിഎസ്എ, യുഎപിഎ എന്നിവ ക്ഷണിച്ചുവരുത്തും''- മെഹബൂബ മുഫ്തിയുടെ ട്വീറ്റില്‍ പറയുന്നു.

തൊഴിലില്ലായ്മയും പണപ്പെരുപ്പവും പോലുള്ളവയില്‍നിന്ന് ജനശ്രദ്ധതിരിച്ചുവിടാനാണ് ബിജെപി വര്‍ഗീയവിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സെപ്തംബര്‍ 13ന് മുഫ്തി രംഗത്തുവന്നിരുന്നു.

'മതകേന്ദ്രങ്ങളുടെ 1947 ലെ തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് കോടതികള്‍ വിധിച്ചിരുന്നു. തൊഴിലില്ലായ്മ, ദാരിദ്ര്യം, വിലക്കയറ്റം എന്നിവ ഇല്ലാതാക്കുന്നതില്‍ ബി.ജെ.പി പരാജയപ്പെട്ടു. അതിനാല്‍, ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. കോടതി വിധി ഈ ബി.ജെ.പി ആഖ്യാനത്തെ പിന്തുണയ്ക്കുന്നു'- വാരാണസി ഗ്യാന്‍വാപി വിധിയെക്കുറിച്ച് അവര്‍ അഭിപ്രായപ്പെട്ടു.

Tags:    

Similar News