ആയിരം കേസെടുത്താലും... അരവിന്ദ് കെജ്രിവാളിനെ വെല്ലുവിളിച്ച് ബിജെപി നേതാവ് ബഗ്ഗ

Update: 2022-05-11 12:45 GMT

ന്യൂഡല്‍ഹി: ഗുരഗ്രന്ഥ സാഹിബ് മതദൂഷണക്കേസ്, ലഹരിമാഫിയ, ഖാലിസ്ഥാന്‍ വിഘടനവാദികള്‍ തുടങ്ങിയ പ്രശ്‌നങ്ങളെക്കുറിച്ച് അരിവന്ദ് കെജ്രിവാളിനോട് ചില ചോദ്യങ്ങള്‍ ചോദിച്ചതിനാണ് തന്നെ ഭീകരവാദിയെപ്പോലെ അറസ്റ്റ് ചെയ്തതെന്ന് ബിജെപി നേതാവ് തജിന്ദര്‍ പാല്‍ സിങ് ബഗ്ഗ. തനിക്കെതിരേ ആയിരം കേസുകളെടുത്താലും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബ് പോലിസ് അറസ്റ്റ് ചെയ്തതിനുശേഷം വിളിച്ചുചേര്‍ത്ത ആദ്യ വാര്‍ത്താസമ്മേളനത്തിലാണ് ബഗ്ഗ കെജ്രിവാളിനെ വിമര്‍ശിച്ചത്.

പഞ്ചാബ് പോലിസ് ബഗ്ഗയെ അറസ്റ്റ് ചെയ്‌തെങ്കിലും ഹരിയാന, ഡല്‍ഹി പോലിസിന്റെ ഇടപെടലോടെ മോചിപ്പിക്കപ്പെടുകയായിരുന്നു. 

എനിക്കെതിരെ ഒന്നോ ആയിരമോ കേസുകള്‍ രജിസ്റ്റര്‍ ചെയ്താലും ഞാന്‍ കെജ്‌രിവാളിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് തുടരുമെന്ന് ബഗ്ഗ പറഞ്ഞു. ഡല്‍ഹി ബിജെപി ഓഫിസില്‍വച്ചായിരുന്നു വാര്‍ത്താസമ്മേളനം.

ബഗ്ഗയുടെ ജനകപുരിയിലെ വസതിയില്‍നിന്നാണ് പഞ്ചാബ് പോലിസ് കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തത്. പഞ്ചാബ് പോലിസിനെതിരേ തട്ടിക്കൊണ്ടുപോയതിന് കേസെടുത്ത് ഡല്‍ഹി പോലിസ് ബഗ്ഗയെ തിരികെയെത്തിച്ചു. ഡല്‍ഹി പോലിസിനുവേണ്ടി ഹരിയാന പോലിസാണ് ഇയാളെ കുരുക്ഷേത്രയില്‍ തടഞ്ഞുനിര്‍ത്തിയത്.

'ഒരു തീവ്രവാദിയെ പോലെയാണ് എന്നെ അറസ്റ്റ് ചെയ്തത്. ഗുരു ഗ്രന്ഥ സാഹിബ് അപകീര്‍ത്തിപ്പെടുത്തിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന കെജ്രിവാളിന്റെ വാഗ്ദാനത്തെക്കുറിച്ച് ചോദിച്ചത് തെറ്റാണോ, പഞ്ചാബില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യം വിളിക്കുന്നതിനെതിരേയും മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെയും വിഘടനവാദികള്‍ക്കെതിരെയും നടപടിയെക്കുറിച്ച് ചോദിച്ചത് എന്റെ തെറ്റാണോ?''- ബഗ്ഗ ചോദിച്ചു.

ജൂലൈ 5 വരെ ബഗ്ഗയെ അറസ്റ്റ് ചെയ്യരുതെന്ന് പഞ്ചാബ് പോലിസിന് ഹരിയാന പഞ്ചാബ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Similar News