ബിജെപി 15 ലക്ഷം രൂപ അക്കൗണ്ടിലേക്ക് ഇട്ടുതരുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് രാജ്‌നാഥ് സിങ്
കേന്ദ്ര സര്‍ക്കാര്‍ ഈ തിരഞ്ഞെടുപ്പിലും വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുകയാണെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു രാജ്‌നാഥ് സിങ്.
ന്യൂഡല്‍ഹി: ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ ഇട്ടുതരുമെന്ന് ബിജെപി ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്. കള്ളപ്പണത്തിനെതിരേ നടപടിയെടുക്കുമെന്നാണ് ഞങ്ങള്‍ പറഞ്ഞത്. കള്ളപ്പണത്തിനെതിരായ നടപടി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണ വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘം തന്നെ സര്‍ക്കാര്‍ രൂപീകരിച്ചതായും രാജ്‌നാഥ് സിങ് പറഞ്ഞു.കള്ളപ്പണത്തിനെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. കള്ളപ്പണത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചത് നരേന്ദ്ര മോദി സര്‍ക്കാരാണെന്നും വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ഈ തിരഞ്ഞെടുപ്പിലും വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുകയാണെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു രാജ്‌നാഥ് സിങ്. 2014ല്‍ നല്‍കിയ വ്യാജ വാഗ്ദാനങ്ങള്‍ 2019ലും ബിജെപി ആവര്‍ത്തിക്കുകയാണെന്നാണ് ആരോപണം.
2014ലെ തിരഞ്ഞെടുപ്പില്‍ കള്ളപ്പണം മുഖ്യ പ്രചാരണ ആയുധമാക്കി ഉയര്‍ത്തിക്കാട്ടിയ ബിജെപി 2019ല്‍ അതുമായി ബന്ധപ്പെട്ട് ഒന്നും തന്നെ പ്രചാരണ വിഷയമാക്കുന്നില്ല. സമാന്തര സമ്പദ് വ്യവസ്ഥ തകര്‍ത്തെന്ന് പ്രകടന പത്രികയില്‍ പറയുന്നുണ്ടെങ്കിലും പ്രചാരണ വേദികളിലൊന്നും തന്നെ നേതാക്കള്‍ ഇതേക്കുറിച്ച് പരാമര്‍ശിക്കുന്നില്ല.