സി കെ ജാനുവിന് ബിജെപി പണം കൊടുത്തെന്ന ആരോപണം; കൂടുതല്‍ തെളിവുകള്‍ പുറത്ത്
കോഴിക്കോട്: സി കെ ജാനുവിനു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പണം കൊടുത്തുവെന്ന ആരോപണം സാധൂകരിക്കുന്ന തരത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. സുരേന്ദ്രനും ജനാധിപത്യരാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ഖജാന്‍ജി പ്രസീത അഴീക്കോടും തമ്മില്‍ ആശയവിനിമയം നടത്തിയതിന്റെ കൂടുതല്‍ തെളിവുകളാണ് പുറത്തായത്. സുരേന്ദ്രനും പ്രസീതയും തമ്മില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 24, 26 ദിവസങ്ങളില്‍ നടത്തിയ വാട്ട്സ്ആപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടാണ് ഇത്.
കെ.സുരേന്ദ്രനുമായുള്ള പ്രസീതയുടെ ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നതിനു പിന്നാലെ സി.കെ ജാനുവുമായി സംസാരിക്കാന്‍ ഇടനിലക്കാരെ ആവശ്യമില്ലെന്നു സുരേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് കളവാണെന്നും ജെ.ആര്‍.പിയുടെ എന്‍.ഡി.എ മുന്നണി പ്രവേശം സംബന്ധിച്ച് സി.കെ ജാനുവുമായുള്ള ഇടനിലക്കാരിയായി കെ.സുരേന്ദ്രനുമായി സംസാരിച്ചതു പ്രസീതയായിരുന്നുവെന്നും തെളിയിക്കുന്നതാണ് ഈ സന്ദേശങ്ങള്‍.
എന്‍.ഡി.എയില്‍ ചേരാന്‍ സി.കെ ജാനുവിനു സുരേന്ദ്രന്‍ പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന പ്രസീതയുടെ വെളിപ്പെടുത്തല്‍ സി കെ ജാനുവും കെ സുരേന്ദ്രനും ഒരുപോലെ നിഷേധിക്കുന്നുണ്ട്. എന്നാല്‍ സി കെ ജാനുവിന്റെ എന്‍ഡിഎ പ്രവേശനത്തിന്റെ ഇടനിലക്കാരി പ്രസീത ആയിരുന്നു എന്ന് തെളിയിക്കുന്ന സ്‌ക്രീന്‍ ഷോട്ട് പുറത്തുവന്നതോടെ ജാനുവിന്റെയും സുരേന്ദ്രന്റെയും വാദങ്ങള്‍ പൊളിയുന്ന അവസ്ഥയിലേക്കാണ് എത്തുന്നത്.