തൃശൂര്‍ കേച്ചേരിയില്‍ മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി

Update: 2022-07-28 15:56 GMT

തൃശൂര്‍: കേച്ചേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്. മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച മൂന്ന് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ മുബാറക്ക് കേച്ചേരി, ധനേഷ് ചുള്ളിക്കാട്ടില്‍, ഗ്രീഷ്മ സുരേഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി.

മുഖ്യമന്ത്രി കോഴിക്കോടുനിന്ന് ആലുവയിലേക്ക് പോവും വഴിയായിരുന്നു പ്രതിഷേധം. ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുന്നകുളത്ത് മൂന്ന് യൂത്ത് കോണ്‍ഗ്രസുകാരെ പോലിസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു. കുന്നംകുളം നഗരസഭാ കൗണ്‍സിലറും മണ്ഡലം പ്രസിഡണ്ടുമായ ബിജു സി ബേബി, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയും മുന്‍ കൗണ്‍സിലറുമായ പി ഐ തോമസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ റോഷിത് ഓടാട്ട് എന്നിവരെയാണ് പോലിസ് കരുതല്‍ തടങ്കലിലാക്കിയത്.

Tags:    

Similar News