കൊവിഡ് ഭീഷണി നിലനില്‍ക്കെ വരവര റാവുവിനെ ജയിലില്‍ അടക്കേണ്ടതില്ലെന്ന് ബോംബെ ഹൈക്കോടതി

സംസ്ഥാനത്തൊട്ടാകെ കൊറോണ വൈറസ് കേസുകള്‍ വ്യാപിക്കുന്ന ഈ സാഹചര്യത്തില്‍ 83കാരനായ കവിയെ ജയിലിലേക്ക് അയക്കുന്നത് ഉചിതമല്ലെന്ന് കോടതി വ്യക്തമാക്കി.

Update: 2022-01-07 09:32 GMT

മുംബൈ: ഭീമ കൊറേഗാവ് കേസില്‍ കുറ്റാരോപിതനായ കവിയും ആക്ടിവിസ്റ്റുമായ വരവര റാവുവിന്റെ ഇടക്കാല ജാമ്യം ഫെബ്രുവരി അഞ്ചു വരെ നീട്ടി ബോംബെ ഹൈക്കോടതി. ആരോഗ്യപരമായ കാരണങ്ങളാല്‍ ജാമ്യത്തിലുള്ള വരവര റാവുവിന് കൊവിഡ് വ്യാപന ഭീഷണിക്കിടയില്‍ മഹാരാഷ്ട്ര തലോജ ജയില്‍ അധികൃതര്‍ക്ക് മുമ്പാകെ ഹാജരാവേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നീട്ടിയത്. ഒരാഴ്ചയ്ക്കകം അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സമര്‍പ്പിച്ച അപേക്ഷ ജസ്റ്റിസുമാരായ എസ് എസ് ഷിന്‍ഡെ, എന്‍ ആര്‍ ബോര്‍ക്കര്‍ എന്നിവരുടെ ബെഞ്ച് നിരസിച്ചു.

സംസ്ഥാനത്തൊട്ടാകെ കൊറോണ വൈറസ് കേസുകള്‍ വ്യാപിക്കുന്ന ഈ സാഹചര്യത്തില്‍ 83കാരനായ കവിയെ ജയിലിലേക്ക് അയക്കുന്നത് ഉചിതമല്ലെന്ന് കോടതി വ്യക്തമാക്കി. നവി മുംബൈയിലെ തലോജ ജയിലില്‍ വിചാരണത്തടവിലായിരുന്ന റാവുവിന് 2021 ഫെബ്രുവരിയിലാണ് ഹൈക്കോടതി ആരോഗ്യ കാരണങ്ങള്‍ മുന്‍നിര്‍ത്തി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ഷിന്‍ഡെ ഉള്‍പ്പെട്ട ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചായിരുന്നു അന്ന് ജാമ്യം ഉത്തരവിട്ടത്. തുടര്‍ന്ന് പ്രായാധിക്യം മൂലമുള്ള അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് റാവുവിനെ മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 2021 സപ്തംബര്‍ 5ന് കാലാവധി അവസാനിച്ചെങ്കിലും കവിയുടെ ഹരജി പരിഗണിച്ച് തുടര്‍ന്ന് പലതവണകളായി ഇടക്കാല ജാമ്യം നീട്ടി നല്‍കുകയുണ്ടായി.

വരവര റാവുവിനോട് കീഴടങ്ങാന്‍ ആവശ്യപ്പെടണമെന്നും ഈ വിഷയത്തില്‍ എന്‍ഐഎ സമര്‍പ്പിച്ച അപേക്ഷ തൊട്ടടുത്ത ദിവസം തന്നെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് അന്വേഷണ ഏജന്‍സിയുടെ അഭിഭാഷകന്‍ സന്ദേശ് പാട്ടീല്‍ വെള്ളിയാഴ്ച കോടതിയെ സമീപിച്ചത്. ഉടന്‍ തന്നെ പരിഗണിക്കേണ്ട ആവശ്യമില്ലെന്നും നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കവിയുടെ ജാമ്യം നീട്ടി നല്‍കുന്നതാണ് ഉചിതമെന്നും ജസ്റ്റിസുമാര്‍ അറിയിച്ചു. കൊവിഡ് മൂന്നാം തരംഗം അമ്പതോ അറുപതോ ദിവസങ്ങളോളം നീണ്ടുപോയേക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലിസിനുമൊക്കെ അതിവേഗമാണ് വൈറസ് ബാധിക്കുന്നത്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ ജയിലിലേക്ക് അയക്കുന്നത് ഉചിതമാണോ എന്ന് കോടതി ചോദിച്ചു.

അതേസമയം, റാവുവിന്റെ ആരോഗ്യ സ്ഥിതി പരിഗണിച്ച് അദ്ദേഹത്തിന്റെ ഇടക്കാല ജാമ്യത്തിന് പകരം സ്ഥിരജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ആനന്ദ് ഗ്രോവറും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഈ അപേക്ഷയും പരിഗണിച്ച കോടതി, ഇരുകക്ഷികളുടെയും ഭാഗം കേള്‍ക്കുന്നതിനായി കേസ് മറ്റൊരു ദിവസം പരിഗണിക്കുമെന്ന് അറിയിച്ചു.

Tags:    

Similar News