പുസ്തക വിവാദം; ഡിസി ബുക്‌സ് മുന്‍ പബ്ലിക്കേഷന്‍ മാനേജര്‍ എ വി ശ്രീകുമാര്‍ അറസ്റ്റില്‍
കോട്ടയം: ഇ പി ജയരാജന്റെ പേരിലുള്ള പുസ്തക വിവാദത്തില്‍ ഡിസി ബുക്‌സ് മുന്‍ പബ്ലിക്കേഷന്‍ മാനേജര്‍ എ വി ശ്രീകുമാര്‍ അറസ്റ്റില്‍. എന്നാല്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ആത്മകഥ ഭാഗങ്ങള്‍ ചോര്‍ന്നതെന്ന കേസില്‍ പോലിസ് ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
എന്നാല്‍ താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുക മാത്രമാണ് ചെയ്തതെന്നും എ വി ശ്രീകുമാര്‍ പറഞ്ഞിരുന്നു. വെറുതെ കെട്ടിചമച്ച കേസില്‍ തന്നെ ചിലര്‍ ബലിയാടാക്കുകയാണെന്നും ശ്രീകുമാര്‍ പറഞ്ഞു.
ആത്മകഥ പുറത്തുവന്നതില്‍ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇപി ജയരാജന്‍ പരാതി നല്‍കിയിരുന്നു.വിശദമായ അന്വേഷണത്തില്‍ പുസ്തകത്തിന്റെ ഉള്ളടക്കം ഡിസിയില്‍ നിന്നും തന്നെയാണ് ചോര്‍ന്നതെന്നു കണ്ടെത്തുകയായിരുന്നു. ഡിസി ബുക്‌സ് നടപടിയെടുത്ത പബ്ലിക്കേഷന്‍സ് വിഭാഗം മാനേജര്‍ ശ്രീകുമാറാണ് ഉള്ളടക്കം പുറത്തുവിട്ടതെന്നായിരുന്നു കണ്ടെത്തല്‍.