പയ്യന്നൂരിൽ പോളിങ് സ്റ്റേഷനിൽ ബൂത്ത് ഏജന്റുമാർക്ക് മർദനം

Update: 2024-04-27 09:04 GMT

പയ്യന്നൂര്‍: പയ്യന്നൂരില്‍ പോളിങ് സ്‌റ്റേഷനുകളില്‍ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ യുഡിഎഫ് ബൂത്ത് ഏജന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. നഗരസഭയിലെ അന്നൂര്‍ യുപി സ്‌കൂളിലെ 84ാം നമ്പര്‍ ബൂത്തിലും കാറമേല്‍ എഎല്‍പി സ്‌കൂളിലെ 78ാം നമ്പര്‍ ബൂത്തിലുമാണ് വെള്ളിയാഴ്ച ഉച്ചയോടെ സംഘര്‍ഷം അരങ്ങേറിയത്.

അന്നൂര്‍ യുപി സ്‌കൂളിലെ യുഡിഎഫ് ബൂത്ത് ഏജന്റുമാരായ നവനീത് നാരായണന്‍ (27), സികെ വിനോദ് കുമാര്‍ (50) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്റാണ് നവനീത്. നാരായണന്‍ ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റാണ്.

ബൂത്തിനകത്ത് ഏജന്റുമാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് അക്രമം. മുതിര്‍ന്ന സിപിഎം നേതാക്കളെത്തിയാണ് രംഗം ശാന്തമാക്കിയത്. ഉച്ചക്ക് 12.30ഓടെ ഒരു സംഘം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബൂത്തില്‍ക്കയറി അക്രമം നടത്തുകയായിരുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു.

Tags:    

Similar News