കൈക്കൂലിക്കേസ്: ടോമിന്‍ ജെ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാരിന്റെ അനുമതി തേടി വിജിലന്‍സ്

Update: 2022-12-10 09:53 GMT

തിരുവനന്തപുരം: കൈക്കൂലിക്കേസില്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടി. തിരുവനന്തപുരം വിജിലന്‍സ് കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം പ്രോസിക്യൂഷന്‍ അനുമതി തേടി സംസ്ഥാന ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയത്. തച്ചങ്കരിയെ കുറ്റവിമുക്തനാക്കിയ അന്വേഷണ റിപോര്‍ട്ട് വിജിലന്‍സ് കോടതി തള്ളിയിരുന്നു.

2016ല്‍ ഗതാഗത കമ്മീഷണറായിരിക്കെ പാലക്കാട് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നാണ് ടോമിന്‍ തച്ചങ്കരിക്കെതിരായ കേസ്. പാലക്കാട് ആര്‍ടിഒ ശരവണനുമായി തച്ചങ്കരി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതാണ് വിവാദങ്ങളുടെ തുടക്കം. ഇന്റലിജന്‍സ് മേധാവിയായിരുന്ന ശ്രീലേഖയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഫോണ്‍ സംഭാഷണം ശരവണന്‍ വിജിലന്‍സ് സംഘത്തോട് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍, തച്ചങ്കരിയെ കുറ്റവിമുക്തനാക്കിയ റിപോര്‍ട്ടാണ് വിജിലന്‍സ് സംഘം കോടതിയില്‍ സമര്‍പ്പിച്ചത്.

റിപോര്‍ട്ട് തള്ളിയ കോടതി, തച്ചങ്കരിക്കെതിരേ തെളിവുണ്ടായിട്ടും കുറ്റവിമുക്തനാക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍ അനുമതിയോടെ പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ടുപോവാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ അനുമതി തേടി വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം സര്‍ക്കാരിന് കത്തയച്ചത്. വിരമിക്കാന്‍ കാലാവധി അടുത്തിരിക്കെ തച്ചങ്കരിക്കെതിരേ പ്രോസിക്യൂഷന്‍ അനുമതി സര്‍ക്കാര്‍ നല്‍കുമോ എന്നാണ് അറിയേണ്ടത്.

Tags:    

Similar News