ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ബജറ്റ് സമ്മേളനം ജനുവരി 29ന് ആരംഭിക്കും. ഏപ്രില്‍ 8ന് സമ്മേളനം അവസാനിക്കും. പാര്‍ലമെന്ററി കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ബജറ്റ് രണ്ട് ഘട്ടങ്ങളായാണ് നടക്കുക. ആദ്യ ഘട്ടം ജനുവരി 29നു തുടങ്ങി ഫെബ്രുവരി 15ന് അവസാനിക്കും. രണ്ടാം ഘട്ടം മാര്‍ച്ച് 8ന് തുടങ്ങി ഏപ്രില്‍ 8ന് അവസാനിക്കും.
ജനുവരി 29ന് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്യും. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും.
സമ്മേളനത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിക്കും.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നവംബര്‍ അവസാന ആഴ്ചയാണ് സാധാരണ വിളിച്ചുചേര്‍ക്കുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെയും കാര്‍ഷിക ബില്ല് റദ്ദാക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിന്റെയും പശ്ചാത്തലത്തില്‍ സമ്മേളനം മാറ്റിവയ്ക്കുകയായിരുന്നു.
എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റാണ് വരാനിരിക്കുന്നത്. കൊവിഡ് വാക്‌സിന്‍ രാജ്യത്ത് സൗജന്യമായിരിക്കുമോയെന്ന ചോദ്യത്തിന് വാക്‌സിന്‍ ഒരു ഡോസിന് വരുന്ന ചെലവും ലഭ്യമായ ഫണ്ടിന്റെയും അടിസ്ഥാനത്തിലേ ഇത് തീരുമാനിക്കാനാവൂ എന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു.