സിഎജി റിപോര്‍ട്ട് വിവാദം: ധനമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല

Update: 2020-11-17 15:25 GMT

തിരുവനന്തപുരം: നിയമസഭയില്‍ മേശപ്പുറത്ത് വയ്ക്കും മുമ്പ് സിഎജി റിപോര്‍ട്ട് പരസ്യമാക്കിയ ധനമന്ത്രി തോമസ് ഐസക്കിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാധാരണ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചാണ് ധനമന്ത്രി ധനകാര്യ സെക്രട്ടറിയുടെ കയ്യില്‍ നിന്ന് സിഎജി റിപോര്‍ട്ട് ചോര്‍ത്തിയെടുത്ത് പുറത്തുവിട്ടതെന്ന് ചെന്നിത്തല പറഞ്ഞു.

നിയമസഭയുടെ അന്തസ്സിന്റെയും ഔദ്യോഗികരഹസ്യം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളുടെയും കീഴ് വഴക്കങ്ങളുടെയും ലംഘനമാണ് ഇത്. സാധാരണ സിഎജി റിപോര്‍ട്ട് ധനകാര്യ സെക്രട്ടറിക്കാണ് സീല്‍ ചെയ്ത കവറില്‍ ലഭിക്കുകയെന്നും അത് ഗവര്‍ണര്‍ക്ക് കൈമാറി അദ്ദേഹമാണ് അത് നിയമസഭയ്ക്ക് നല്‍കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പബ്ലിക് അക്കൗണ്ട് കമ്മിറ്റി ചെയര്‍മാനായ തനിക്ക് ഇക്കാര്യത്തില്‍ തുടര്‍ന്നുവരുന്ന കീഴ്‌വഴക്കങ്ങള്‍ അറിയാമെന്നും ധനമന്ത്രി കീഴ്‌വഴക്കങ്ങളും ഔദ്യോഗികരഹസ്യവുമായി ബന്ധപ്പെട്ട് സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

വിവാദമായപ്പോഴാണ് പുറത്തുവിട്ടത് കരട് റിപോര്‍ട്ടാണെന്ന വാദവുമായി ധനമന്ത്രിയെത്തിയത്. ഇത് വിലപ്പോവില്ല. പുറത്തുവിട്ടത് കരടല്ല, അവസാന റിപോര്‍ട്ടാണെന്ന് സിഎജി വ്യക്തമാക്കിക്കഴിഞ്ഞു. അതുകൊണ്ട് ധനമന്ത്രി രാജിവച്ചേ തീരൂ എന്നും അതുസംബന്ധിച്ച പരാതി സ്പീക്കര്‍ക്ക് അയച്ചതായും പ്രതിപക്ഷനേതാവ് പറഞ്ഞു.

Tags:    

Similar News