ചികില്‍സ നിഷേധിച്ചതിനെതുടര്‍ന്ന് അര്‍ബുദ ബാധിതനായ കുഞ്ഞ് മരിച്ച സംഭവം; നടപടി സ്വീകരിക്കാത്ത നഗരസഭ അധികൃതരുടെ നടപടി വിവാദത്തില്‍
എംഎല്‍എ യു പ്രതിഭക്ക് പരാതി നല്‍കിയതിനാല്‍ വിഷയത്തില്‍ ഇടപെടാനാവില്ലെന്നാണ് നഗര സഭ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ളവരുടെ നിലപാട്.
കായംകുളം: പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നിഷേധിച്ചതിനെതുടര്‍ന്ന് അര്‍ബുദ രോഗ ബാധിതനായ കുഞ്ഞ് മരിക്കാനിടയായ സംഭവത്തില്‍ നടപടിയെടുക്കാതെ നഗരസഭ അധികൃതര്‍.
എംഎല്‍എ യു പ്രതിഭക്ക് പരാതി നല്‍കിയതിനാല്‍ വിഷയത്തില്‍ ഇടപെടാനാവില്ലെന്നാണ് നഗര സഭ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ളവരുടെ നിലപാട്. കായംകുളം ചേരാവള്ളി കൊച്ചു വീട്ടില്‍ തജീര്‍-സലീന ദമ്പതികളുടെ മകന്‍ അബു ഉമറിനാണ് (11) അര്‍ബന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നിഷേധിച്ചത്. കഴിഞ്ഞ 30 നാണ് സംഭവം.
ക്യാന്‍സര്‍ രോഗം പിടിപെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്ററിന്റെ ചികിത്സയില്‍ കഴിയുന്ന അബു ഉമറിന് രാവിലെ അസ്വസ്ഥതയുണ്ടായതോടെ അടിയന്തര ചികിത്സക്കും രക്തത്തിലെ പ്ലേറ്റ് ലെറ്റ് പരിശോധനക്കുമായാണ് വീടിന് സമീപത്തായുള്ള അര്‍ബന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിസക്കായി എത്തിയത്.
അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ട കേസായിരുന്നിട്ടും കുട്ടിയുടെ ആരോഗ്യ സ്ഥിതി പോലും കണക്കിലെടുക്കാതെ ആശുപത്രി അധികൃതര്‍ മാറ്റി നിര്‍ത്തുകയായിരുന്നു. കുട്ടിയുടെ ആരോഗ്യ സ്ഥിതി വഷളായതിന്റെ ഗൗരവം ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിച്ച രക്ഷാകര്‍ത്താക്കളോട് ലാബ് ജീവനക്കാര്‍ മോശമായി പെരുമാറുകയും ചെയ്തു.
എന്നാല്‍ ഈ സമയം അവിടെയെത്തിയ ഡോക്ടറും ലാബ് ജീവനക്കാരുടെ പക്ഷം ചേരുകയായിരുന്നുവെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ എംഎല്‍എക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ബഹളത്തിനിടെ കുട്ടിയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായതോടെ രക്ഷാകര്‍ത്താക്കള്‍ കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മിനിട്ടുകള്‍ക്കുള്ളില്‍ അബു ഉമര്‍ മരണപ്പെട്ടിരുന്നു. ആശുപത്രി അധികൃതരുടെ പരുഷമായ ഇടപെടല്‍ കുട്ടിയെ മാനസിക സമ്മര്‍ദത്തിലാക്കിയതാണ് പെട്ടന്നുള്ള മരണത്തിലേക്ക് നയിച്ചെതെന്ന് പരാതിയില്‍ പറയുന്നു.
രണ്ട് ദിവസം മുമ്പാണ് യു പ്രതിഭ എംഎല്‍എക്ക് പരാതി നല്‍കിയത്.വാര്‍ഡ് കൗണ്‍സിലറുടെ നിര്‍ബന്ധപ്രകാരം മരണപെട്ട കുട്ടിയുടെ വീട്ടിലെത്തിയ ചെയര്‍പേഴ്‌സണ്‍ അടക്കമുള്ള നഗരസഭ അധികൃതര്‍ രക്ഷകര്‍ത്താക്കളെ ആശ്വസിപ്പിക്കുന്നതിന് പകരം പരാതിയുടെ നടപടിക്രമം ശരിയായില്ലെന്നും എംഎല്‍എക്ക് പരാതി നല്‍കിയതിനാല്‍ നഗരസഭക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പറഞ്ഞ് വിഷയത്തില്‍ ഇടപെടാതെ ഒഴിഞ്ഞു മാറുകയായിരുന്നു.
എംഎല്‍എക്ക് പരാതി നല്‍കിയതിനാല്‍ വിഷയത്തില്‍ ഇടപെടാനാവില്ലെന്ന ചെയര്‍പേഴ്‌സണ്‍ പി ശശികലയുടെ മറുപടി സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. നഗരസഭയുടെ പരിധിയിലുള്ള സ്ഥാപനത്തിനെതിരേ എംഎല്‍എക്ക് പരാതി നല്‍കിയതാണ് നഗരസഭ അധികാരികളെ ചൊടിപ്പിച്ചത്.
സിപിഎമ്മിനുള്ളിലെ ഒരു വിഭാഗത്തിന്റെ എംഎല്‍എയുമായുള്ള പടലപിണക്കങ്ങളുടെ ഭാഗമാണ് ചെയര്‍പേഴ്‌സന്റെ നിഷേധാത്മക സമീപനത്തിനു പിന്നിലെന്ന ആക്ഷേപം ശക്തമാണ്.