കാറുകള്‍ കത്തിച്ചു, കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു; കൊല്‍ക്കത്തയില്‍ ബിജെപി പ്രതിഷേധത്തില്‍ സംഘര്‍ഷം
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി. തൃണമൂര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതിക്കെതിരേ സംഘടിപ്പിച്ച മാര്‍ച്ചിനിടയില്‍ നിരവധി ബിജെപി നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സുവേന്ദു അധികാരി, ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജി, പാര്‍ട്ടി നേതാക്കളായ രാഹുല്‍ ശര്‍മ എന്നിവരെയാണ് പോലിസ് ഹുഗ്ലി രണ്ടാം പാലത്തിന്റെ സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്.
പ്രതിഷേധം രൂക്ഷമായതോടെ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. റാണിഗഞ്ചില്‍നിന്ന് നിരവധി ബിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബിജെപിയുടെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് കൊല്‍ക്കത്തയിലേക്ക് എത്തിയത്. നബന്ന അഭിജാന്‍ എന്ന് പേരിട്ട സമരപരിപാടിയില്‍ നിരവധി പേര്‍ പങ്കെടത്തു.
ബംഗാളിനെ മമതാ ബാനര്‍ജി വടക്കന്‍ കൊറിയയാക്കി മാറ്റിയെന്ന് സുവേന്ദു അധികാരി കുറ്റപ്പെടുത്തി.
മമതക്ക് ജനങ്ങളുടെ പിന്തുണയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സന്ത്രാഗച്ചി മേഖലയില്‍ നിന്നുള്ള മാര്‍ച്ച് സുവേന്ദു അധികാരി നയിച്ചപ്പോള്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് വടക്കന്‍ കൊല്‍ക്കത്തയില്‍ നിന്നുള്ള പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
'ടിഎംസി സര്‍ക്കാര്‍ ഒരു പൊതു പ്രക്ഷോഭത്തെ ഭയപ്പെടുന്നു. അവര്‍ ഞങ്ങളുടെ പ്രതിഷേധ മാര്‍ച്ച് തടയാന്‍ ശ്രമിച്ചാലും ഞങ്ങള്‍ സമാധാനപരമായി ചെറുക്കും. ഏത് അനിഷ്ട സംഭവവികാസത്തിനും സംസ്ഥാന ഭരണകൂടത്തിന് ഉത്തരവാദിയായിരിക്കും,' ദിലീപ് ഘോഷ് പറഞ്ഞു.