പൗരത്വ പ്രക്ഷോഭകര്‍ക്കെതിരേ കേസ്: എസ്ഡിപിഐ പ്രതിഷേധദിനം ആചരിച്ചു

Update: 2021-02-20 08:27 GMT
പത്തനംതിട്ട: പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ത്താലിനെ പിന്തുണച്ചെന്നാരോപിച്ച് വിവിധ രാഷ്ട്രീയ, സാംസ്‌കാരിക, മത നേതാക്കള്‍ക്ക് സമന്‍സ് അയച്ച നടപടിയില്‍ എസ്ഡിപിഐ വെള്ളിയാഴ്ച പ്രതിഷേധദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമയി ജില്ലയില്‍ ഏഴിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടന്നു.


പത്തനംതിട്ടയില്‍ എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ നിരണം, ചുങ്കപ്പാറയില്‍ ജില്ലാ കമ്മിറ്റി അംഗം അഷ്‌റഫ് ആലപ്ര, അടൂരില്‍ മേഖലാ പ്രസിഡന്റ് അല്‍അമീന്‍ മണ്ണടി, പന്തളത്ത് മേഖലാ കമ്മിറ്റി അംഗം ഷംസ് കടയ്ക്കാട്, തിരുവല്ലയില്‍ മണ്ഡലം പ്രസിഡന്റ് സിയാദ് നിരണം, ചിറ്റാറില്‍ മേഖലാ പ്രസിഡന്റ് സുബൈര്‍ ചിറ്റാര്‍, കോന്നിയില്‍ മേഖല സെക്രട്ടറി ഷാജി ആനകുത്തി എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

പൗരത്വ വിഷയത്തില്‍ ഇടതു സര്‍ക്കാരും സിപിഎം നേതൃത്വവും ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്. സിഎഎ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ആത്മാര്‍ത്ഥമാണെങ്കില്‍ പൗരത്വപ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

2019 ഡിസംബര്‍ 17ന് ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ടാണ് 46 പേര്‍ക്കാണ് കോഴിക്കോട് ടൗണ്‍ പോലീസ് സമന്‍സ് അയച്ചത്. കേരളത്തില്‍ സി.എ.എ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി പൗരത്വപ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ നിയമനടപടിയെക്കുറിച്ച് മൗനമവലംബിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി സമരം ചെയ്തവര്‍ക്കെതിരേ കേസെടുക്കില്ലെന്നും അത് സര്‍ക്കാര്‍ നയമല്ലെന്നുമായിരുന്നു മുഖ്യമന്ത്രി 2020 ഫെബ്രുവരി 3ന് നിയമസഭയില്‍ പറഞ്ഞത്. അതേസമയം സംസ്ഥാനത്ത് 519 കേസുകളാണ് പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ തുടരുന്നത്. എസ്ഡിപിഐ ആറന്‍മുള മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പി സലിം അധ്യക്ഷത വഹിച്ചു. വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി സഫിയ പന്തളം, എസ്ഡിപിഐ മണ്ഡലം സെക്രട്ടറി നാസറുദ്ദീന്‍, ട്രഷറര്‍ സി പി നസീര്‍ എന്നിവര്‍ സംസാരിച്ചു. ചുങ്കപ്പാറയില്‍ മണ്ഡലം പ്രസിഡന്റ് ഷാനവാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിസാം മാങ്കല്‍, എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് അഷ്‌റഫ് ചുങ്കപ്പാറ സംസാരിച്ചു.




Similar News