മാധ്യമം പത്രത്തിനെതിരായ കേസില്‍ തിരിച്ചടി; പോലിസ് നടപടി തടഞ്ഞ് ഹൈക്കോടതി

മാധ്യമം ലേഖകന്റെ ഫോണ്‍ ഹാജരാക്കണമെന്ന നോട്ടിസ് കോടതി സ്‌റ്റേ ചെയ്തു

Update: 2024-12-31 07:49 GMT

കൊച്ചി: മാധ്യമം പത്രത്തിനെതിരായ കേസില്‍ പോലിസിന് തിരിച്ചടി. പത്രത്തിനെതിരായ പോലിസ് നടപടി ഹൈക്കോടതി തടഞ്ഞു. മാധ്യമം ലേഖകന്റെ ഫോണ്‍ ഹാജരാക്കണമെന്ന നോട്ടിസ് കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് കെ വി ജയകുമാറിന്റെ സിംഗിള്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.

ജൂലൈ 22നാണ് പിഎസ്സി രജിസ്റ്റര്‍ ചെയ്ത 65 ലക്ഷം ഉദ്യോഗാര്‍ഥികളുടെ ലോഗിന്‍ വിവരം ഹാക്കര്‍മാര്‍ ചോര്‍ത്തി ഡാര്‍ക്ക് വെബില്‍ വില്‍പനക്ക് വെച്ച വാര്‍ത്ത 'മാധ്യമം' പ്രസിദ്ധീകരിച്ചത്. കേരള പൊലീസിന്റെ സൈബര്‍ സുരക്ഷ പരിശോധന വിഭാഗമായ 'കേരള പൊലിസ് ഡാര്‍ക്ക് വെബ് ഇന്‍വെസ്റ്റിഗേഷന്‍ ടീം' നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു വാര്‍ത്ത. പിഎസ്സി ഡോ. എം ആര്‍ ബൈജുവിന് ഇതില്‍ റിപ്പോര്‍ട്ട് നല്‍കിയ ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബ് 'ടു ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍' ഉള്‍പ്പെടുത്തി ഉദ്യോഗാര്‍ഥികളുടെ യൂസര്‍ ലോഗിന്‍ സുരക്ഷിതമാക്കാനും നിര്‍ദേശം നല്‍കിയിരുന്നു.

ഡാര്‍ക്ക് വെബില്‍നിന്ന് പൊലിസ് കണ്ടെത്തിയ യൂസര്‍ ഐഡികളും ലോഗിന്‍ വിവരങ്ങളും യഥാര്‍ഥ ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ തന്നെയാണെന്നു പൊലീസ് ഉറപ്പിച്ചിരുന്നതായാണു മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, വാര്‍ത്ത വസ്തുതവിരുദ്ധമാണെന്നും ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്നും ഡാര്‍ക്ക് വെബിലേക്ക് വിവരങ്ങള്‍ ചോരാനുള്ള 'സാധ്യത' കണക്കിലെടുത്താണ് ജൂലൈ ഒന്നുമുതല്‍ ഒടിപി സംവിധാനം ഏര്‍പ്പെടുത്തിയതെന്നുമായിരുന്നു പിഎസ്സി വിശദീകരണം. ഡിജിപിയുടെ റിപോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ മേയ് 27ന് ചേര്‍ന്ന കമ്മീഷന്റെ അതിരഹസ്യസ്വഭാവമുള്ള ഔദ്യോഗിക കുറിപ്പ് ജൂലൈ 28ന് പത്രത്തിലൂടെ പുറത്തുവന്നത്.

രഹസ്യസ്വഭാവമുള്ള രേഖ 'മാധ്യമം' ലേഖകന് ആര് നല്‍കിയെന്ന് കണ്ടെത്താന്‍ പിഎസ്സിയുടെ പരാതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പുറമെ വാര്‍ത്ത ലഭിച്ച ഉറവിടവും ഈമെയില്‍ അടക്കമുള്ള വ്യക്തികത വിവരങ്ങള്‍ നല്‍കണം എന്ന് പോലിസ് അറിയിക്കുകയായിരുന്നു. ഇത് പറയാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ കഴിഞ്ഞ ദിവസം ചീഫ് എഡിറ്ററോടും രേഖ എങ്ങനെ ലഭിച്ചെന്ന് 48 മണിക്കൂറിനുള്ളില്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഒരു നോട്ടിസ് കൂടി ക്രൈംബ്രാഞ്ച് നല്‍കുകയായിരുന്നു.

Tags:    

Similar News