കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ച് കൊന്ന കേസ്; ശിക്ഷാ വിധി ഇന്ന്

Update: 2022-12-05 03:53 GMT

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ ശിക്ഷാ വിധി ഇന്ന്. തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക. തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകള്‍ നിരത്തിയാണ് പ്രോസിക്യൂഷന്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കിയത്. കൊലപാതകം, ബലാല്‍സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്. പ്രതികള്‍ മാത്രമെത്തുന്ന ഒറ്റപ്പെട്ട സ്ഥലത്ത് യുവതിയെ എത്തിച്ചത് ഉദയനും ഉമേഷുമാണെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.

2018 ഫെബ്രുവരി ഒന്നിനാണ് വിദേശ വനിതയെ പ്രതികള്‍ കൊലപ്പെടുത്തിയത്. ആയുര്‍വേദ ചികില്‍സയ്ക്കായി പോത്തന്‍കോടുള്ള ആയുര്‍വേദ കേന്ദ്രത്തിലേക്ക് എത്തിയതായിരുന്നു വിദേശ വനിത. ഫെബ്രുവരി 14 ന് കോവളത്തേക്ക് പോയ വനിതയെ പിന്നീട് കാണാതെ ആവുകയായിരുന്നു. പിന്നീട് ഒരുമാസത്തിന് ശേഷം ഇവരുടെ മൃതദേഹം ഒരു പൊന്തക്കാടില്‍ നിന്നും കണ്ടെത്തി. ഡിഎന്‍എ പരിശോധനയില്‍ ഇത് വിദേശ വനിതയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളായ രണ്ടുപേരും കുറ്റിക്കാട്ടില്‍ ലഹരി ഉപയോഗിക്കാന്‍ സ്ഥിരമായി എത്താറുണ്ടെന്ന് പോലിസിന് വിവരം ലഭിച്ചു. ഇതെത്തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

പ്രതികള്‍ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേനെ വിദേശ വനിതയെ ആളൊഴിഞ്ഞ പൊന്തക്കാട്ടില്‍ കൊണ്ടുവന്ന് കഞ്ചാവ് നല്‍കി ബലാല്‍സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ച് കൊന്നുവെന്നാണ് കേസ്. തുടര്‍ന്ന് ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ കഴുത്തില്‍ വള്ളിച്ചെടികള്‍ കൊണ്ട് കെട്ടി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.

ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. 18 സാഹചര്യത്തെളിവുകളും 30 സാക്ഷിമൊഴികളുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ഫോറന്‍സിക് വിഭാഗം ജീവനക്കാര്‍ക്കും ഇന്ന് പോലിസ് ആസ്ഥാനത്ത് ഡിജിപി പ്രശസ്തിപത്രം സമ്മാനിക്കും. തിരുവനന്തപുരം റേഞ്ച് ഐജിയായിരുന്ന മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    

Similar News