ദലിത് അധ്യാപകനോട് ജാതി വിവേചനം; ഐഐഎംബിയിലെ ഡയറക്ടര്‍ക്കും പ്രൊഫസര്‍മാര്‍ക്കുമെതിരേ കേസ്
ബെംഗളൂരു: ദലിത് അസോസിയേറ്റ് പ്രൊഫസറോട് ജാതി വിവേചനം കാണിച്ചതിന് ബെംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ (ഐഐഎംബി) ഡയറക്ടര്‍ക്കും ഏഴ് പ്രൊഫസര്‍മാര്‍ക്കുമെതിരേ കേസ്. ഡയറക്ടറേറ്റ് ഓഫ് സിവില്‍ റൈറ്റ്സ് എന്‍ഫോഴ്സ്മെന്റ് (ഡിസിആര്‍ഇ) നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന്, ദലിത് അസോസിയേറ്റ് പ്രൊഫസറായ ഗോപാല്‍ ദാസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നിയമനടപടികള്‍ ആരംഭിക്കാന്‍ സാമൂഹ്യക്ഷേമ വകുപ്പ് സംസ്ഥാന പോലിസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.
2024 ജനുവരിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശന വേളയില്‍ ദാസ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തെഴുതിയതോടെയാണ് ആരോപണങ്ങള്‍ പുറം ലോകം അറിയുന്നത്. ജോലിയിലെ പല അവസരങ്ങളിലും താന്‍ ഒഴിവാക്കപ്പെട്ട സംഭവങ്ങളും ജാതി അടിസ്ഥാനത്തിലുള്ള വിവേചനവും അടക്കമുള്ളവ വിശദമായി കത്തില്‍ എഴുതിയിരുന്നു. പ്രസിഡന്റിന്റെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ഡിസിആര്‍ഇ 2024 മാര്‍ച്ചില്‍ അന്വേഷണം ആരംഭിച്ചു.
ഡിസിആര്‍ഇ അന്വേഷണം ആരംഭിച്ചതോടെ പീഡനം രൂക്ഷമായെന്ന് ആരോപിച്ച് ദാസ് മെയ്മാസത്തില്‍ കര്‍ണാടക സാമൂഹികക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചിരുന്നു.
അതേസമയം, ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വലിയ പിന്തുണയാണ് ദാസിന് ലഭിച്ചതെന്നും അദ്ദേഹത്തിന്റെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ പദവിയാണ് അദ്ദേഹത്തിന് വാഗ്ദാനം ചെയ്തതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്‍ പ്രകാരമുള്ള ശമ്പളത്തിനൊപ്പം തന്റെ ഗവേഷണത്തിനും അധ്യാപനത്തിനുമായി ദാസിന് വിവിധ തരത്തിലുള്ള പിന്തുണകള്‍ നല്‍കിയിട്ടുണ്ടെന്നും ഐഐഎംബി വ്യക്തമാക്കി. കൂടാതെ, ഇന്‍സ്റ്റിറ്റിയൂഷണല്‍ റിവ്യൂ ബോര്‍ഡിന്റെ ചെയര്‍പേഴ്സണ്‍, കരിയര്‍ ഡെവലപ്മെന്റ് സര്‍വീസസ് കമ്മിറ്റി അംഗം എന്നിങ്ങനെ നിരവധി ഉത്തരവാദിത്ത സ്ഥാനങ്ങള്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചിരുന്നെന്നും സ്ഥാപന മേധാവികള്‍ പറയുന്നു.