തമിഴ്‌നാട്ടില്‍ വീണ്ടും ജാതി വിവേചനം: വൈസ് പ്രസിഡന്റ് പീഡിപ്പിക്കുന്നുവെന്ന് ദലിത് പഞ്ചായത്ത് പ്രസിഡന്റ്

പഞ്ചായത്ത് പ്രസിഡന്റ് എം സുകന്യ വടിവേല്‍ വ്യാഴാഴ്ച പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ക്ക് പരാതി നല്‍കിയതോടെയാണ് വിഷയം പുറത്തുവന്നത്.

Update: 2020-10-23 12:29 GMT

തിരുപ്പൂര്‍: ദലിത് ആയതിനാല്‍ വൈസ് പ്രസിഡന്റ് പീഡിപ്പിക്കുകയാണെന്നും ഒതുക്കുകയാണെന്നുമുള്ള പരാതിയുമായി വനിതാ പഞ്ചായത്ത് പ്രസിഡന്റ്. കലിപാളയം പഞ്ചായത്തിലെ വനിതാ ദലിത് പ്രസിഡന്റാണ് ലിംഗ വിവേചനവും ജാതി പിഡനവും ആരോപിച്ച് വൈസ് പ്രസിഡന്റിനെതിരേ പരാതി നല്‍കിയത്.പഞ്ചായത്ത് പ്രസിഡന്റ് എം സുകന്യ വടിവേല്‍ വ്യാഴാഴ്ച പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ക്ക് പരാതി നല്‍കിയതോടെയാണ് വിഷയം പുറത്തുവന്നത്. ഈ വര്‍ഷം ആദ്യത്തിലാണ് സുകന്യ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

അധികാരമേറ്റ് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വിവേചനവും ഒതുക്കലും ആരംഭിച്ചതായി സുകന്യ പറഞ്ഞു. 'പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് എം മോഹന്‍രാജും ഒരു വിഭാഗം കൗണ്‍സിലര്‍മാരും ബുദ്ധിമുട്ടിക്കുകയാണെന്ന് അവര്‍ പറഞ്ഞു. രണ്ടു മുറികള്‍ മാത്രമുള്ള പഞ്ചായത്ത് ഓഫിസില്‍ വൈസ് പ്രസിഡന്റ് മോഹന്‍രാജ് ഒരു മുറി കൈവശപ്പെടുത്തി. ഇത് ചോദ്യം ചെയ്തപ്പോള്‍ ഒരു ദലിത സ്ത്രീയുള്ള മുറിയില്‍ ഇരിക്കില്ല എന്നായിരുന്നു മറുപടി. പഞ്ചായത്ത് യോഗത്തിലും മോഹന്‍രാജ് വീണ്ടും ഇതേ വാക്കുകള്‍ ഉപയോഗിച്ചതായും പരാതിയില്‍ പറയുന്നു. ഇതിനെതിരെ പോരാടാന്‍ രാഷ്ട്രീയമോ സാമ്പത്തികമോ ആയ സ്വാധീനം ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ട് സഹിക്കാന്‍ ഭാര്യയോട് ഉപദേശിച്ചതായി ഭര്‍ത്താവ് പി മുരുകന്‍ പറഞ്ഞു. കഴിഞ്ഞ 10 മാസമായി എം മോഹന്‍രാജ് പഞ്ചായത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ഭാര്യക്കെതിരെ വിവിധ ആരോപണങ്ങള്‍ ഉന്നയിക്കുകയുമാണെന്നും മുരുകന്‍ പറഞ്ഞു.

വിഷയത്തില്‍ അന്വേഷണം ആരംഭിക്കാന്‍ പോലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കലക്ടര്‍ കെ വിജയ കാര്‍ത്തികേയന്‍ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാവുണ്ടാച്ചിപുഡൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ സെല്‍വിയും സമാനമായ പരാതി ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് എസ്സി / എസ്ടി അതിക്രമ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഒരു വാര്‍ഡ് കൗണ്‍സിലറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    

Similar News