ചെറുകിട വ്യാപാരികളുടെ ഓണ്‍ലൈന്‍ വ്യാപാരശ്യംഖലയുമായി കേന്ദ്ര സര്‍ക്കാര്‍; മിഷന്‍ ചുമതല നന്ദന്‍ നിലേക്കനിയ്ക്ക്
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ചില്ലറ വില്‍പ്പന രംഗത്ത് വെല്ലുവിളി നേരിടുന്ന ചെറുകിട കച്ചവടക്കാര്‍ക്കുവേണ്ടി പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഓണ്‍ലൈന്‍ വഴി വില്‍പ്പനക്കാരെയും ഉപഭോക്താക്കളെയും ബന്ധിപ്പിച്ച് ചെറുകിടക്കാരുടെ വ്യാപാരം ഉറപ്പുവരുത്തുന്നതിനുളള പദ്ധതിക്കാണ് രൂപം കൊടുക്കുന്നത്. ആധാര്‍ കാര്‍ഡ് പദ്ധതിയുടെ ചുമതലക്കാരനായിരുന്ന മുന്‍ ഇന്‍ഫോസിസിസ് ഉപസ്ഥാപകന്‍ നന്ദന്‍ നിലേക്കനിക്കായിരിക്കും ഇതിന്റെ ചുമതല.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
രാജ്യത്തെ ചുതറിക്കിടക്കുന്ന ചെറുകിടക്കാരെ ഓണ്‍ലൈനിലൂടെ ബന്ധിപ്പിച്ച് എല്ലാവര്‍ക്കും ഒരുപോലെ മല്‍സരിക്കാനുളള സാധ്യതയൊരുക്കാനാണ് ശ്രമം. 1.4 ട്രില്യന്‍ വരുന്ന രാജ്യത്തെ ഏറ്റവും വലിയ വ്യാപാരമേഖലയാണ് ചില്ലറ വ്യാപാരം.
ചെറുകിട കച്ചവടക്കാരെയും ഉപഭോക്താക്കളെയും പരസ്പരം ബന്ധിപ്പിച്ച് ചെറിയ വില വരുന്ന സോപ്പ് മുതല്‍ വിമാനടിക്കറ്റ് വരെ ഒരേ വൈബ്‌സൈറ്റിലൂടെ ബന്ധിക്കും. ഇതുവഴി ചെറുകിടക്കാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന വാള്‍മാര്‍ട്ട്, ആമസോണ്‍, തുടങ്ങിയവയെ ചെറുക്കാനും കഴിയുമെന്ന് കരുതപ്പെടുന്നു.
ഇന്നും ഇന്ത്യയിലെ ആകെ വ്യാപാരത്തിന്റെ 6 ശതമാനം മാത്രമാണ് ഓണ്‍ലൈന്‍ വഴി നടക്കുന്നത്. പക്ഷേ, കാലക്രമത്തില്‍ മുഴുവന്‍ കച്ചവടവും ഓണ്‍ലൈനിലേക്ക് മാറുമോയെന്നാണ് കച്ചവടക്കാരുടെ ഭീതി. ഇതിനെ ചെറുക്കാനാണ് പുതിയ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കുന്നത്.
ആമസോണ്‍, വാള്‍മാര്‍ട്ടിന്റെ ഫ്‌ലിപ്കാര്‍ട്ട് എന്നിവ രാജ്യത്തെ ആകെയുളള 24 ബില്യന്‍ കച്ചവടത്തിന്റെ 80 ശതമാനവും കൈവശപ്പെടുത്തിയിരിക്കുന്നു. വലിയ ഡിസ്‌കൗണ്ടും മറ്റ് സൗജന്യങ്ങളുംവഴി ചെറുകിട കച്ചവടക്കാര്‍ക്ക് ഇവര്‍ വലിയ ഭീഷണിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അമേരിക്കയില്‍ സംഭവിച്ചതുപോലെ കുടുംബബിസിനസ് സംവിധാനത്തെ ഇത് തകര്‍ക്കുമെന്ന് ഇന്ത്യന്‍ കച്ചവടക്കാരും ഭയപ്പെടുന്നു.
ഡിജിറ്റല്‍ വ്യാപാരത്തിനുവേണ്ടി ലാഭരഹിതമായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് കേന്ദ്രസര്‍ക്കാര്‍ രൂപപ്പെടുത്തുക. അടുത്ത തമാസത്തോടെ രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ ഈ പദ്ധതിയുടെ പൈലറ്റ് ആരംഭിച്ചേക്കുമെന്ന് നന്ദന്‍ നിലേക്കനി പറഞ്ഞു.