സിദ്ധാർത്ഥന്റെ മരണം: 'അന്വേഷണം സിബിഐ ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കണം': ഹൈക്കോടതി
കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി. സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ് നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ തീരുമാനം. അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടാല്‍ എന്താണ് സാങ്കേതിക തടസമെന്നും കോടതി ചോദിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം വന്നാലേ അന്വേഷണം ഏറ്റെടുക്കാന്‍ കഴിയൂ എന്ന് സിബിഐ വ്യക്തമാക്കി. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി അഭിനന്ദിച്ചു. എന്നാല്‍ അതിന്റെ ബാക്കിയുള്ള കാര്യങ്ങള്‍ കൂടി സര്‍ക്കാരിന്റെ മേല്‍നോട്ടം വേണ്ടേയെന്ന് ചോദിച്ച കോടതി രേഖകള്‍ കൈമാറാന്‍ എന്തിനായിരുന്നു കാലതാമസം എന്നും ചോദിച്ചു.
കാലതാമസം ഉണ്ടായിട്ടില്ലെന്നും കേസ് വേഗത്തില്‍ സിബിഐക്ക് കൈമാറിയെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ കേസ് കൈമാറുന്നതില്‍ ഓരോ നിമിഷം വൈകുന്നതും കേസിനെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. സിബിഐ അന്വേഷണത്തിന് എത്രയും വേഗം വിജ്ഞാപനമിറക്കണമെന്നും വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.