മാസപ്പടി കേസിൽ പരിശോധന തുടരാന്‍ കേന്ദ്ര അന്വേഷണ സംഘം; വീണയ്ക്ക് നോട്ടീസ് നൽകിയേക്കും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്കെതിരായ മാസപ്പടി കേസില്‍ സിഎംആര്‍എല്ലില്‍ നിന്നും കെഎസ്‌ഐഡിസിയില്‍ നിന്നും ശേഖരിച്ച വിവരങ്ങളില്‍ പരിശോധന തുടര്‍ന്ന് അന്വേഷണ സംഘം. ഇന്നലെയാണ് കെഎസ്‌ഐഡിസിയുടെ കോര്‍പറേറ്റ് ഓഫിസില്‍ എസ്എഫ്‌ഐഒ സംഘം പരിശോധന നടത്തിയത്. സിഎംആര്‍എല്ലില്‍ രണ്ട് ദിവസം നീണ്ട പരിശോധനയ്ക്ക് ശേഷമാണ് സംഘം കെഎസ്‌ഐഡിസിയില്‍ എത്തിയത്. എക്‌സാലോജിക്കില്‍ നിന്ന് വിവരങ്ങള്‍ തേടാനുള്ള നടപടിയും ഉടന്‍ ഉണ്ടാവുമെന്നാണ് സൂചന. നേരിട്ട് ഹാജരാവാനോ രേഖകള്‍ സമര്‍പ്പിക്കാനോ നിര്‍ദ്ദേശിച്ച് വീണയ്ക്ക് ഉടന്‍ നോട്ടീസ് നല്‍കിയേക്കും. അതിനിടെ, എസ്എഫ്‌ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌ഐഡിസി ഹൈക്കോടതിയില്‍ നല്‍കിയ ഹരജിക്ക് കോര്‍പറേറ്റ് കാര്യ മന്ത്രാലയം ഉടന്‍ മറുപടി നല്‍കും.