സെന്‍ട്രല്‍ വിസ്ത പ്രൊജക്റ്റ്: ആരാധനാലയങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന വഖഫ് ബോര്‍ഡിന്റെ ഹരജിയില്‍ കേന്ദ്രത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടിസ്
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് സമുച്ചയം പണിതീര്‍ക്കുന്ന സെന്‍ട്രല്‍ വിസ്ത പ്രൊജക്റ്റിന്റെ ഭാഗമായി ഡല്‍ഹിയിലെ വഖഫ് സ്വത്തുക്കള്‍ക്കും ചരിത്രസ്മാരകങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും സംരക്ഷണം നല്‍കണമെന്ന വഖ്ഫ് ബോര്‍ഡിന്റെ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടിസ് അയച്ചു. അടുത്ത തിയ്യതിയായ സപ്ംബര്‍ 29നകം വിഷയത്തില്‍ മറുപടി നല്‍കാന്‍ ജസ്റ്റിസ് സഞ്ജീവ് സച്ച്‌ദേവ നോട്ടിസില്‍ നിര്‍ദേശിച്ചു.
പ്രൊജക്റ്റ് പ്രത്യേകമായ രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഓരോന്നിനും ഓരോ സമയം നിശ്ചയിച്ചിട്ടുണ്ട്. പ്ലാനുകളുണ്ട്. അതൊരു പഴയ സ്ട്രക്ചറാണ്. പെട്ടെന്നുണ്ടായ കാര്യമല്ല- ജസ്റ്റിസ് സച്ച്‌ദേവ പറഞ്ഞു. അടുത്ത ഹിയറിങ് വരെ പൊളിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഘോഷിന്റെ അഭ്യര്‍ത്ഥനയോട് പ്രതികരിക്കുകയായിരുന്നു ജസ്റ്റിസ് സച്ച്‌ദേവ.
സെന്‍ട്രല്‍ വിസ്ത പ്രൊജക്റ്റിന്റെ പരിധിയില്‍ പെടുന്ന വഖഫ് സ്വത്തുക്കള്‍ അതേപടി സംരക്ഷിക്കണമെന്ന് നിര്‍ദേശം നല്‍കണമെന്ന് ഡല്‍ഹി വഖഫ് ബോര്‍ഡിനുവേണ്ടി ഹാജരായ വജീഹ് ഷഫിഖ് അഭ്യര്‍ത്ഥിച്ചു. വഖഫ് വസ്തുവഹകള്‍ പൗരാണികമാണെന്നും പലതും ആരാധനാലയങ്ങളാണെന്നും വിസ്ത പ്രൊജക്റ്റ് അവയെ ബാധിക്കുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
സപ്തംബര്‍ 29ന് കേസ് വീണ്ടും പരിഗണിക്കും.