നാട്ടിലേക്ക് തിരിച്ചുപോകുന്ന കുടിയേറ്റ തൊഴിലാളികളുടെ ഡാറ്റാബേസ് തയ്യാറാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം

Update: 2020-05-16 16:10 GMT

ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് തിരിച്ചുപോകുന്ന തൊഴിലാളികളുടെ ഡാറ്റാബേസ് തയ്യാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. അഖിലേന്ത്യാ തലത്തില്‍ കുടിയേറ്റത്തൊഴിലാളികളുടെ സഞ്ചാരത്തെ സംബന്ധിച്ച ഒരു ഡാഷ്‌ബോഡാണ് തയ്യാറാക്കുക.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അയച്ച കത്തില്‍ ഇക്കാര്യത്തില്‍ സത്വരനടപടികള്‍ കൈകൊള്ളണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ പ്രദേശങ്ങളില്‍ നിന്ന് സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകുന്ന തൊഴിലാളികളുടെ യാത്രാവിവരങ്ങള്‍, അവരുടെ സമ്പര്‍ക്ക വിവരങ്ങള്‍ തുടങ്ങിയവയാണ് ഡാഷ്‌ബോഡില്‍ ഉണ്ടാവുക. ശ്രമിക് ട്രയിനുകളിലും പ്രത്യേക ട്രയിനുകളിലും ബസ്സിലും മറ്റുമായി സ്വന്തം നാടുകളിലേക്ക് യാത്ര ചെയ്യാന്‍ കുടിയേറ്റത്തൊഴിലാളികള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയ സാഹചര്യത്തിലാണ് അടിയന്തിരമായി കണക്കെടുപ്പ് നടത്തുന്നത്.

അതേസമയം കുടിയേറ്റത്തൊഴിലാളികളുടെ ഒഴുക്ക് രാജ്യത്ത് വലിയൊരു മനുഷ്യാവകാശപ്രശ്‌നമായി മാറിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് പേരാണ് സ്വന്തം നാടുകളിലേക്ക് റോഡ് വഴിയും റയില്‍പാളം വഴിയും നടന്നുപോയത്. പ്രത്യേക പാസ്സോ മറ്റോ ഇല്ലാതെ നടന്നുപോകുന്ന ഇവരും സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയാണ്.

ഇന്ത്യയിലെ ആദ്യ കൊവിഡ് തരംഗത്തില്‍ രോഗികളുടെ എണ്ണം കൊണ്ട് ഇന്ത്യ ചൈനയെ മറികടന്നുവെങ്കിലും മരണനിരക്കിന്റെ കാര്യത്തില്‍ ഇപ്പോഴും ചൈനയേക്കാള്‍ ഭേദപ്പെട്ട നിലയിലാണ്. ആദ്യ തരംഗത്തില്‍ ഏറെക്കുറെ പിടിച്ചുനിന്ന സംസ്ഥാനങ്ങളായ ഹിമാചല്‍പ്രദേശ്, ഗോവ, അസം തുടങ്ങിയ പ്രദേശങ്ങളില്‍ പക്ഷേ, ഇപ്പോള്‍ കൊവിഡ് കേസുകള്‍ പതുക്കെ ഉയരാന്‍ തുടങ്ങിയിട്ടുണ്ട് ഈ സാഹചര്യത്തിലാണ് പുറത്തുനിന്നുവന്നവരുടെ കണക്കുകള്‍ കൃത്യമായി മനസ്സിലാക്കാനും വിശകലനം ചെയ്യാനും ഒരു ഡാഷ്‌ബോഡ് അഖിലേന്ത്യാ തലത്തില്‍ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. 


നാഷണല്‍ ഇമിഗ്രന്റ് ഇന്‍ഫൊ സിസ്റ്റം അഥവാ എന്‍എംഐഎസ് എന്ന് പേരിട്ടിട്ടുള്ള ഓണ്‍ലൈന്‍ റെപോസിറ്ററിയാണ് ഡാഷ് ബോഡ് തയ്യാറാക്കുന്നത്. ദേശീയ ദുരന്തനിവാരണ അഥോറിറ്റിക്കാണ് ചുമതല. ഇതിലേക്ക് എല്ലാ സംസ്ഥാന കേന്ദ്ര ഭരണപ്രദേശങ്ങളോടും കുടിയേറ്റക്കാരുടെ വിവരങ്ങള്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതുവഴി കൊവിഡ് 19 വ്യാപനത്തെ കുറിച്ച് സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവരവിനിമയം നടത്തുന്നത് കുറേക്കൂടി എളുപ്പമാവും. ആവശ്യമായ സാഹചര്യത്തില്‍ ഓരോരുത്തരുടെയും സമ്പര്‍ക്ക വിവരങ്ങള്‍ മനസ്സിലാക്കാനും ഉപകരിക്കും.  

Tags:    

Similar News