സിപിഎമ്മും സംഘപരിവാര സംഘടനകളും കേരളം ഭ്രാന്താലയം ആക്കുന്നു: ചെന്നിത്തല

സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ന് തിരുവനന്തപുരത്ത് വിവേകാനന്ദ പ്രതിമയ്ക്ക് മുന്നില്‍ യു ഡി എഫ് ഏകദിന ഉപവാസം നടത്തുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Update: 2019-01-06 13:09 GMT

കൊച്ചി: സി പി എമ്മും സംഘപരിവാര്‍ സംഘടനകളും ചേര്‍ന്ന് കേരളം ഭ്രാന്താലയം ആക്കുകയാണെന്നും ഇതിനെതിരെ സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ന് തിരുവനന്തപുരത്ത് വിവേകാനന്ദ പ്രതിമയ്ക്ക് മുന്നില്‍ യു ഡി എഫ് ഏകദിന ഉപവാസം നടത്തുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 23 ന് യു ഡി എഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റും ജില്ലാ കലക്ടറേറ്റുകളും വളയുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. സമാധാന ജീവിതം ഉറപ്പ് വരുത്തുന്നതില്‍ പോലീസും സര്‍ക്കാരും പരാജയപ്പെട്ടു. കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷം വളര്‍ത്താന്‍ സി പി എമ്മും സംഘപരിവാര്‍ സംഘടനകളും ശ്രമിക്കുകയാണ്. അക്രമങ്ങള്‍ അമര്‍ച്ച ചെയ്യുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ജുമാ മസ്ജിദ് ആക്രമിക്കാന്‍ മുന്നോട്ട് വന്ന സി പി എം എന്ത് സന്ദേശമാണ് നല്‍കുന്നത്. ആരാധനാലയങ്ങളെ പോലും സി പി എം , ആര്‍ എസ് എസ് അക്രമിസംഘം വെറുതെ വിടുന്നില്ല. കേരളത്തെ കൊലക്കളമാക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്. രണ്ടു കൂട്ടരും ചേര്‍ന്ന് സമാധാന ജീവിത തകര്‍ക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. യു ഡി എഫ് നേതാക്കള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വര്‍ഗീയമായി അധിക്ഷേപിക്കുന്നവര്‍ക്കെതിരെ ഒരു നടപടിയും എടുക്കാത്ത പോലീസ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയും സസ്പെന്‍ഡ് ചെയുകയും ചെയ്യുന്നു. പ്രതിപക്ഷ നേതാവിനെയും നേതാക്കളെയും വര്‍ഗീയമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവങ്ങളില്‍ പരാതി നല്‍കിയിട്ട് പോലും നടപടി ഉണ്ടാകുന്നില്ലെന്നു അദ്ദേഹം ആരോപിച്ചു. സമാധാന ജീവിതം ഉറപ്പ് വരുത്തുന്നതില്‍ പോലീസും സര്‍ക്കാരും പരാജയപ്പെട്ടു. വീടുകള്‍ പോലും ആക്രമിക്കപ്പെടുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താലായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ യു ഡി എഫ് അനുകൂല ട്രേഡ് യൂനിയനുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Similar News