കൊവിഡ് 19: ചൈനയ്‌ക്കെതിരേ ആരോഗ്യവിദഗ്ധര്‍; നല്‍കുന്ന വിവരങ്ങള്‍ കൃത്രിമമെന്നും ആരോപണം

ചൈനീസ് സര്‍ക്കാര്‍ മൂന്ന് ആഴ്ച മുമ്പു തന്നെ സജീമായി ഇടപെട്ടിരുന്നെങ്കില്‍ രോഗവ്യാപനം 95 ശതമാനത്തോളം കുറയ്ക്കാനാവുമെന്നായിരുന്നു സതാംപ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയത്.

Update: 2020-04-14 09:40 GMT

മോണ്‍ട്രിയല്‍: ചൈന കൊവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് നല്‍കുന്ന വിവരങ്ങള്‍ കെട്ടിച്ചമച്ചതെന്ന് ആരോപണം. വിവരങ്ങള്‍ ഒളിപ്പിച്ചുവച്ചതും കൃത്രിമവുമാണെന്ന് വിശദീകരിച്ച ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങിനെ കുറ്റപ്പെടുത്തി. വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്നത് കുറ്റകരമാക്കിയാണ് ചൈന പല വിമര്‍ശനങ്ങളെയും നേരിട്ടതെന്നായിരുന്നു പ്രധാന ആരോപണം.

ചൈനീസ് സര്‍ക്കാര്‍ മൂന്ന് ആഴ്ച മുമ്പു തന്നെ സജീമായി ഇടപെട്ടിരുന്നെങ്കില്‍ രോഗവ്യാപനം വലിയ തോതില്‍ കുറക്കാനാവുമായിരുന്നു. അത് 95 ശതമാനത്തോളം കുറയ്ക്കാനാവുമെന്നായിരുന്നു സതാംപ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയത്.

വിദേശത്തെ ഒരു പത്രം നല്‍കുന്ന വിവരമനുസരിച്ച് വുഹാന്‍ എമര്‍ജന്‍സി ഡിപാര്‍ട്ട്‌മെന്റിലെ ഡയറക്ടര്‍ ഡോ. അയ് ഫെന്‍ കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആദ്യമേ പുറത്തുവിട്ടിരുന്നു. ആ വിവരം ലഭിച്ച ഒരാള്‍ ഡോ. ലി വെന്‍ലിങ് ആണ്. അദ്ദേഹം പിന്നീട് കൊറോണ വന്ന് മരിച്ചു. ആ സമയത്തുതന്നെ ഡോ. അയ് ഫെന്‍ അപ്രത്യക്ഷനാവുകയും ചെയ്തു.

ജനുവരി 1 ന് ഡോ. ലി വെന്‍ലിങ്ങിനെതിരേ രാജ്യത്തിനെതിരേ കുപ്രചരണം നടത്തിയെന്നാരോപിച്ച് കേസെടുത്തു. ഇതിനു പുറമെ മറ്റ് ഏഴ് പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇവര്‍ എവിടെയാണെന്ന കാര്യം ഇപ്പോള്‍ ലോകത്തിന് അജ്ഞാതമാണ്.

കൊവിഡ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനിടയുണ്ടെന്ന് ഹോംകോങ് സര്‍വ്വകലാശാലയിലെ ഡോ. ഹൊ പാക് ലിയുങ് പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് തെളിവില്ലെന്നാണ് ആദ്യം മുതല്‍ വുഹാന്‍ മുനിസിപ്പാലിറ്റിയുടെ നിലപാട്. രോഗവ്യാപനത്തിന്റെ തുടക്കത്തില്‍ പോലും മുനിസിപ്പാലിറ്റി അത് ആവര്‍ത്തിച്ചു. ജനുവരി 14ന് ലോകാരോഗ്യ സംഘടന രോഗം തടഞ്ഞു നിര്‍ത്തിയതിന് ചൈനയെ അഭിനന്ദിക്കുക പോലും ചെയ്തു.

ജനുവരി 26നാണ് ചൈനീസ് സര്‍ക്കാര്‍ വുഹാനില്‍ ലോക്ക് ഡൗണ്‍ പ്രഖ്യപിച്ചത്. അപ്പോഴേക്കും രോഗം വുഹാനില്‍ കാര്യമായ തോതില്‍ പടര്‍ന്നുപിടിച്ചിരുന്നു. ഇതിനിടയില്‍ നിരവധി ആളുകള്‍ വുഹാനിലെത്തുകയോ വുഹാനില്‍ നിന്ന് പോവുകയോ ചെയ്തു. ഇത് രോഗവ്യാപനസാധ്യത വര്‍ധിപ്പിച്ചു.

ഈ സമയത്തും ചൈന വേണ്ട വിധം പ്രവര്‍ത്തിച്ചില്ലെന്ന് ആരോഗ്യവിദഗ്ധര്‍ കുറ്റപ്പെടുത്തുന്നു. രോഗ്യവ്യാപനം ഇറ്റലിയെയും സ്‌പെയിനെയും പ്രതിസന്ധിയിലാക്കി. ചൈനയേക്കാള്‍ 12ശതമാനം കൂടുതല്‍ മരണമാണ് ഇറ്റലിയില്‍ രേഖപ്പെടുത്തിയത്. സ്‌പെയിനില്‍ അത് 9 ശതമാനായിരുന്നു. ഇപ്പോള്‍ ചൈന അവകാശപ്പെടുന്നത് തങ്ങള്‍ സുരക്ഷിതരാണെന്നാണ്. ഇതും വിദഗ്ധര്‍ ചോദ്യം ചെയ്യുന്നു.

സൗത്ത് കൊറിയ ചെയ്തതുപോലെ രോഗസാധ്യതയുള്ളവരെ ക്വാറന്റീന്‍ ചെയ്ത്, ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് രോഗവ്യാപനത്തെ തയാനാവുമെന്ന മാതൃക നമുക്ക് മുന്നിലുണ്ട്. പകരം പ്രസിഡന്റ് സി പിങ് ലോകത്തെ കൊവിഡ് പ്രതിസന്ധിയിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് ആരോപണം.

നിലവില്‍ 20 ലക്ഷത്തോളം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയതിനു പിന്നില്‍ ചൈനയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നാണ് ആരോപണം.  

Tags:    

Similar News