ചിന്തന്‍ ശിബിര്‍: സ്വന്തമായി പോലിസും കോടതിയുമില്ല; പെണ്‍കുട്ടിയുടെ പരാതി ലഭിച്ചിട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസ്

കാംപില്‍ വിവേക് നായരുടെ ഭാഗത്ത് നിന്ന് സംഘടനാ മര്യാദക്ക് നിരക്കാത്ത പെരുമാറ്റം വന്നപ്പോള്‍ നടപടിയെടുത്തു

Update: 2022-07-07 11:25 GMT

തിരുവനന്തപുരം: ചിന്തന്‍ ശിബിരില്‍ ലൈംഗികാതിക്രമം നടന്നതായുള്ള പരാതി ലഭിച്ചിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി. യൂത്ത് കോണ്‍ഗ്രസ്സിന് സ്വന്തമായി പോലിസും കോടതിയുമില്ല. അത് കൊണ്ട് തന്നെ ഏതെങ്കിലും പരാതി ലഭിച്ചാല്‍ നടപടിക്രമങ്ങള്‍ പാലിക്കുകയും നിയമം നടപ്പിലാക്കുകയും ചെയ്യും. ഇന്നലെ വരെ ദേശാഭിമാനിയിലും ചില ഇടത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും പറയപ്പെടുന്ന പരാതി സംസ്ഥാന കമ്മിറ്റിക്ക് ഇത് വരെ ലഭിച്ചിട്ടില്ല. കാംപില്‍ വിവേക് നായരുടെ ഭാഗത്ത് നിന്ന് സംഘടനാ മര്യാദക്ക് നിരക്കാത്ത പെരുമാറ്റം വന്നപ്പോഴുണ്ടായ വാക്കുതര്‍ക്കത്തെയും,സംസ്ഥാന യൂത്ത് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചതിനെകുറിച്ചും അഖിലേന്ത്യാ നേതൃത്വത്തിന് ലഭിച്ച പരാതിയില്‍ സംഘടനാപരമായി നടപടിയെടുത്തു.

ഇന്നും ചില മാധ്യമങ്ങള്‍ സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ്സ് നേതൃത്വം പരാതി ലഭിച്ചിട്ടും പോലിസിന് കൈമാറിയിട്ടില്ല എന്ന രീതിയില്‍ വാര്‍ത്ത കൊടുത്തത് കണ്ടു. അത് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. വാര്‍ത്തയില്‍ കാണിക്കുന്ന പരാതിയുടെ നിജസ്ഥിതിയെക്കുറിച്ച് പറയേണ്ടത് പരാതിക്കാരിയാണ്. ഏതെങ്കിലും പെണ്‍കുട്ടിക്ക് അത്തരമൊരു പരാതിയുണ്ടെങ്കില്‍ കഴിയാവുന്ന എല്ലാ നിയമസഹായവും നല്‍കും.

പോലീസിനെ സമീപിക്കാന്‍ പിന്തുണയും നല്‍കും. കുറ്റക്കാരനെങ്കില്‍ ആരെയും സംരക്ഷിക്കില്ല. സ്വയം വികസിപ്പിച്ചെടുത്ത തീവ്രത അളക്കുന്ന യന്ത്രം കൊണ്ട് നടക്കുന്ന അന്വേഷണ കമ്മീഷനുകളുള്ള സിപിഎം, യൂത്ത് കോണ്‍ഗ്രസ്സിനെ സ്ത്രീ സംരക്ഷണം പഠിപ്പിക്കേണ്ട. പരാതി ഉണ്ടെങ്കില്‍ അത് പാര്‍ട്ടി കോടതിയില്‍ തീര്‍പ്പാക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു. 

Tags:    

Similar News