ചിന്താ ജെറോം കുടുംബസുഹൃത്ത്, വാടക നല്‍കിയാണ് താമസിച്ചത്; വിശദീകരണവുമായി റിസോര്‍ട്ട് ഉടമ
കൊല്ലം: ചിന്താ ജെറോം റിസോര്‍ട്ട് വിവാദത്തില്‍ വിശദീകരണവുമായി തങ്കശ്ശേരിയിലെ ഫോര്‍ സ്റ്റാര്‍ റിസോര്‍ട്ട് ഉടമ രംഗത്ത്. ചിന്താ ജെറോം കുടുംബ സുഹൃത്താണ്. സ്ഥാപനം നിശ്ചയിച്ച വാടക നല്‍കിയാണ് ചിന്ത താമസിച്ചത്. ചിന്തയുടെ അമ്മയെ ചികില്‍സിക്കുന്നത് തന്റെ ഭാര്യയാണെന്നും ഹോട്ടല്‍ ഉടമ പറഞ്ഞു. നിയമങ്ങള്‍ പാലിച്ചാണ് സ്ഥാപനം നടത്തുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ചിട്ടില്ലെന്നുമാണ് ഹോട്ടല്‍ ഉടമയുടെ വിശദീകരണം.
കൊല്ലത്തെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചെന്നും ഇവരുടെ സാമ്പത്തിക സ്രോതസ് പരിശോധിക്കണമെന്നുമാവാശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വിജിലന്‍സിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും പരാതി നല്‍കിയിരുന്നു. അമ്മയുടെ ആയുര്‍വേദ ചികില്‍സയ്ക്കായി താമസിച്ചതാണെന്നാണ് ചിന്താ ജെറോമിന്റെ വിശദീകരണം. ഇത്രയും പണം യുവജന കമ്മീഷന്‍ അധ്യക്ഷയ്ക്ക് എങ്ങനെ കിട്ടി, ചിന്തയുടെ സാമ്പത്തിക സ്രോതസ് തുടങ്ങിയ കാര്യങ്ങള്‍ അന്വഷിക്കണമെന്നാണ് ആവശ്യം.
പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാര്‍ട്‌മെന്റിന്റെ വാടക. ഇക്കണക്കില്‍ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത നല്‍കേണ്ടിവന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. 2021-2022 കാലയളവില്‍ ഒന്നരക്കൊല്ലത്തോളം ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചതായി ചിന്ത സമ്മതിക്കുന്നുണ്ട്. അമ്മയുടെ ആയുര്‍വേദ ചികില്‍സയുടെ ഭാഗമായാണ് ഇത്. എന്നാല്‍, കൊടുത്ത വാടകയുടെ കണക്ക് യൂത്ത് കോണ്‍ഗ്രസ് പറയുന്നത് പോലെയല്ലെന്നും പ്രതിമാസം ഇരുപതിനായിരം രൂപ മാത്രമാണ് മാസ വാടകയായി നല്‍കിയതെന്നുമാണ് ചിന്ത പറയുന്നത്.