പാലക്കാട് നഗരസഭാ യോഗത്തില്‍ സംഘർഷം; യുഡിഎഫ് വനിതാ കൗണ്‍സിലര്‍ക്ക് മര്‍ദ്ദനം
സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിയാതായതോടെ കൗണ്‍സില്‍യോഗം പിരിച്ചുവിട്ടു.തുടര്‍ന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ നഗരസഭയ്ക്കു മുന്നിലെ റോഡുപരോധിച്ചു
പാലക്കാട്:പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വനിതാ അംഗങ്ങളുടെ അടിപിടിയും വാക്കേറ്റവും.ബഹളത്തിനിടെ ബിജെപി അംഗത്തിന്റെ ചുരിദാര്‍ വലിച്ചുകീറി എന്നാരോപിച്ച് യുഡിഎഫ് അംഗത്തെ മര്‍ദ്ദിച്ചു.യുഡിഎഫ് കൗണ്‍സിലര്‍ അനുപമയ്ക്കാണ് കരണത്തടിയേറ്റത്.സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിയാതായതോടെ കൗണ്‍സില്‍യോഗം പിരിച്ചുവിട്ടു.തുടര്‍ന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ നഗരസഭയ്ക്കു മുന്നിലെ റോഡുപരോധിച്ചു.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ ചേര്‍ന്ന യോഗത്തില്‍ മോയന്‍ സ്‌കൂള്‍ ഡിജിറ്റൈസേഷനുമായി ബന്ധപ്പെട്ട അജന്‍ഡ ചര്‍ച്ചചെയ്യുന്നതിനിടെയാണ് ബഹളം തുടങ്ങിയത്. ഡിജിറ്റൈസേഷന്റെ പേരില്‍ പാലക്കാട് എംഎല്‍എയും സംസ്ഥാന സര്‍ക്കാരും വിദ്യാര്‍ഥികളെ നരകിപ്പിക്കുകയാണെന്ന് 18ാം വാര്‍ഡ് കൗണ്‍സിലറായ മിനി കൃഷ്ണകുമാര്‍ പറഞ്ഞു.അധ്യക്ഷന്റെ മൈക്ക് വാങ്ങി അതിലൂടെയാണ് പറഞ്ഞത്. ഈ സമയത്ത് മറ്റ് യുഡിഎഫ് കൗണ്‍സിലര്‍മാരും പിന്നാലെ ബിജെപി കൗണ്‍സിലര്‍മാരും അധ്യക്ഷന്റെ അരികിലേക്ക് വരികയും പിടിവലി നടത്തുകയുമായിരുന്നു. ഇതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
യുഡിഎഫ് കൗണ്‍സിലര്‍ അനുപമ നായര്‍ ചുരിദാര്‍ കീറിയതായും തന്നെ മര്‍ദിച്ചതായും മിനി കൃഷ്ണകുമാര്‍ ആരോപിച്ചു.മിനി കൃഷ്ണകുമാര്‍ മുഖത്തടിച്ചതായും വയറ്റില്‍ ചവിട്ടിയതായും അനുപമ പറഞ്ഞു.ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി.ബഹളം തുടര്‍ന്നതോടെ അജന്‍ഡകള്‍ പാസാക്കിയതായി പ്രഖ്യാപിച്ച് യോഗാധ്യക്ഷനായിരുന്ന വൈസ് ചെയര്‍മാന്‍ ഇ കൃഷ്ണദാസ് യോഗം പിരിച്ചുവിട്ടു. ഇതിനിടെ പോലിസും സ്ഥലത്തെത്തി.
യോഗം നിര്‍ത്തിവെച്ചശേഷവും കൗണ്‍സിലര്‍മാര്‍ ബഹളം തുടര്‍ന്നു.പ്രതിപക്ഷ വനിതാ കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളികളുമായി നഗരസഭയ്ക്കുമുന്നില്‍ ഒത്തുകൂടി.പിന്നാലെ ബി.ജെപി കൗണ്‍സിലര്‍മാരുമെത്തിയതോടെ ഇരുകൂട്ടരും റോഡിലേക്കിറങ്ങി.പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ 15 മിനിറ്റോളം അഞ്ചുവിളക്കിനുസമീപം റോഡുപരോധിച്ചു.ബിജെപി കൗണ്‍സിലര്‍മാര്‍ കോട്ടമൈതാനത്തിനുമുന്നിലും പ്രതിഷേധിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചതിനും മര്‍ദിച്ചതിനും അനുപമ നായര്‍, ഷജിത് കുമാര്‍ എന്നീ കൗണ്‍സിലര്‍മാരുടെ പേരില്‍ മിനി കൃഷ്ണകുമാറും,മിനി കൃഷ്ണകുമാര്‍ ആക്രമിച്ചെന്നുകാണിച്ച് അനുപമ നായരും ടൗണ്‍ സൗത്ത് പോലിസില്‍ പരാതിനല്‍കി.