ഉത്തരാഖണ്ഡില്‍ ഉപതിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; മുസ്‌ലിംകളെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപണം

Update: 2024-07-10 10:16 GMT

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മംഗളോര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനിടെ മുസ്‌ലിം വോട്ടര്‍മാര്‍ക്ക് നേരെ ആക്രമണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമികള്‍ പരസ്യമായി വെടിയുതിര്‍ത്തുവെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഖാസി നിസാമുദ്ദീന്‍ ആരോപിച്ചു. 'അക്രമികള്‍ പരസ്യമായി വെടിയുതിര്‍ക്കുകയായിരുന്നു. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണ്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സുകളോ മറ്റു സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല ഖാസി നിസാമുദ്ദീന്‍ പറഞ്ഞു. മുസ്‌ലിംകളെ സമാധാനപരമായി വോട്ട് ചെയ്യാന്‍ പോലിസ് അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

വോട്ടിന് മുന്നോടിയായി ലിബെര്‍ഹെഡി ഗ്രാമത്തിലെ മുസ്‌ലിംകളെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. വോട്ട് ചെയ്യുന്നതില്‍നിന്ന് ഇവരെ തടയുകയായിരുന്നു ലക്ഷ്യം. പരിക്കേറ്റവരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഖാസി നിസാമുദ്ദീനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബിജെപി പ്രവര്‍ത്തകര്‍ മുസ്‌ലിം സ്ത്രീകളെ വോട്ട് ചെയ്യാന്‍ അനുവദിക്കാതെ വീട്ടിലേക്ക് പറഞ്ഞയക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ദുര്‍ബലരായ ജനങ്ങളെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഭയപ്പെടുത്താന്‍ അക്രമികള്‍ വെടിവെപ്പ് നടത്തിയതായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് ആരോപിച്ചു.

'നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇത്തരം സംഭവങ്ങള്‍ മറ്റു പലയിടങ്ങളിലും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയാണ്. അവരെ പോളിങ് ബൂത്തില്‍ എത്തുന്നതില്‍നിന്ന് തടയുന്നു. ഇത് ജനാധിപത്യത്തിന്റെ കൊലപാതകവും ആശങ്കാജനകവുമാണ്. ജനാധിപത്യത്തെ സംരക്ഷിക്കാനായി ജനങ്ങള്‍ പിന്തുണക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, സ്ഥിതിഗതികള്‍ സാധാരണനിലയിലാണെന്നും വോട്ടിങ് സമാധാനപരമാണെന്നും റൂറല്‍ എസ്പി സ്വപന്‍ കിഷോര്‍ സിങ് പറഞ്ഞു. മതിയായ പോലിസിനെ വിന്യസിച്ചിട്ടുണ്ട്. ഒരു വിവാദത്തെ കുറിച്ച് വിവരം ലഭിച്ചതിനാലാണ് ഞങ്ങള്‍ ഇവിടെയെത്തിയത്. വെടിവെപ്പ് സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിഎസ്പിയുടെ സിറ്റിങ് എംഎല്‍എ സര്‍വത് കരീം അന്‍സാരിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അന്‍സാരിയുടെ പുത്രന്‍ ഉബേദുര്‍ റഹ്മാനാണ് ബിഎസ്പി സ്ഥാനാര്‍ഥി. ഗുജ്ജര്‍ നേതാവായ കര്‍താര്‍ സിങ്ങാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി. ചരിത്രപരമായി മുസ്‌ലിംകളും ദലിതുകള്‍ക്കും ഭൂരിപക്ഷമുള്ള മണ്ഡലമാണിത്.

Tags:    

Similar News