ലക്ഷദ്വീപിലേത് സങ്കുചിത താല്‍പര്യം; അപലപനീയമായ നീക്കത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണമെന്ന് മുഖ്യമന്ത്രി

ഈ നീക്കം തീര്‍ത്തും അപലപനീയമാണ്. ഇത്തരത്തിലുള്ള പ്രതിലോമകരമായ നീക്കങ്ങളില്‍ നിന്നും തീരുമാനങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണമെന്ന് തന്നെയാണ് ശക്തമായ അഭിപ്രായമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Update: 2021-05-24 14:05 GMT

തിരുവനന്തപുരം: ദ്വീപില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുടെ സാംസ്‌കാരത്തിനും ജീവിതത്തിനും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അത്തരം നീക്കങ്ങള്‍ അംഗീകരിക്കാന്‍ ദ്വീപ് നിവാസികള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

'ഒരു ഘട്ടത്തില്‍ അവര്‍ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. നമ്മുടെ പോര്‍ട്ടുകളുമായി അടുത്ത ബന്ധമാണ് അവര്‍ക്കുള്ളത്. നമ്മുടെ നാട്ടിലെ കോഴിക്കോട്,എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ചികില്‍സാര്‍ഥം അവരെത്തുന്നത്. കേരളത്തിലാകെയെടുത്താല്‍ ദ്വീപില്‍ നിന്നുള്ള ധാരാളം വിദ്യാര്‍ഥികളെ കാണാന്‍ കഴിയും. എല്ലാത്തരത്തിലും നമ്മുടെ നാടുമായി ഇഴകിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമാണ് അവര്‍. പരസ്പര സഹകരണത്തിലാണ് ദ്വീപ് നിവാസികളും നമ്മളും മുന്നോട്ട് പോകുന്നത്. വിദ്യാഭ്യാസം, തൊഴില്‍,ചികില്‍സ,വ്യാപാരം എന്നീ മേഖലകളില്‍ അവരുമായി വളരെ ദൃഢമായ ബന്ധമാണ് നമുക്കുള്ളത്.

ഇത് തകര്‍ക്കാനുള്ള ഗൂഢ ശ്രമമാണ് നടക്കുന്നതെന്നാണ് വാര്‍ത്തകളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്. സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വഴങ്ങിക്കൊണ്ടാണ് അത്തരം നിലപാടുകള്‍. അത് തീര്‍ത്തും അപലപനീയമാണ്. ഇത്തരത്തിലുള്ള പ്രതിലോമകരമായ നീക്കങ്ങളില്‍ നിന്നും തീരുമാനങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണമെന്ന തന്നെയാണ് ശക്തമായ അഭിപ്രായം' -മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News