വരും ദിനങ്ങളില്‍ നിയമലംഘനവും ജാഗ്രതക്കുറവും ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി

Update: 2020-05-06 14:18 GMT

തിരുവനന്തപുരം: രോഗപ്രതിരോധത്തിന്റെയും ജാഗ്രതയുടെയും ഒന്നര മാസക്കാലം പിന്നിട്ടുകഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, ലോക്ക്ഡൗണ്‍ ലംഘനവും ജാഗ്രതയില്ലായ്മയും ഇപ്പോഴും പ്രകടമാകുന്നുണ്ട്. ശാരീരിക അകലം പാലിക്കാത്ത ഇടപെടലുകള്‍ ഉണ്ടാകുന്നു.

സംസ്ഥാനത്ത് നിയമലംഘനത്തിന്റെ പേരിലും ജാഗ്രതക്കുറവിന്റെ പേരിലും ഒരു കേസ് പോലും ഉണ്ടാകാത്ത ദിനങ്ങളാണ് ഇനി ഉണ്ടാകേണ്ടത്. പൊലിസ് കര്‍ക്കശ നിലപാടെടുക്കുമ്പോള്‍ പരാതികള്‍ സ്വാഭാവികമാണ്. പൊലിസിനെ അത്തരമൊരു നിലപാടിലേക്ക് നയിക്കാത്ത സമീപനം ഓരോരുത്തരും സ്വീകരിക്കേണ്ടതുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളിലെ ലോക്ക്ഡൗണ്‍ ലംഘനം കര്‍ശനമായി തന്നെ നേരിടും.

വാളയാറില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവരുടെ വന്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിര ഉണ്ടാകുന്നു. പരിശോധനകള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നാടുകാണി ചുരം വഴി കേരളത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം പ്രാദേശികമായി ഉയര്‍ന്നിട്ടുണ്ട്. കര്‍ണാടകയില്‍നിന്നും ഊട്ടിയില്‍നിന്നും മലപ്പുറത്തേക്ക് എത്താന്‍ ഇപ്പോള്‍ 150 കിലോമീറ്റര്‍ ചുറ്റണം എന്നാണ് പരാതി. ഇക്കാര്യത്തില്‍ കര്‍ണാടക ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് പരിഹാരം കാണാന്‍ ശ്രമിക്കും.

കാര്‍ഷികവൃത്തിയിലും അനുബന്ധ പ്രവൃത്തികളിലും സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നില്ല. ഒരു ശൃംഖയായി പ്രവര്‍ത്തനങ്ങള്‍ നടന്നാലേ കാര്‍ഷികരംഗത്തെ ഇടപെടലിന് ഫലമുണ്ടാവുള്ളു. കൊയ്ത്ത് കഴിഞ്ഞിട്ടും നെല്ല് സംഭരണം തടസ്സപ്പെടുന്നതായി ആലപ്പുഴയില്‍നിന്ന് പരാതി വന്നു. മില്ലുടമകള്‍ ഇക്കാര്യത്തില്‍ സഹായകരമായ നിലപാട് സ്വീകരിക്കണം. 

Tags:    

Similar News