ലൈഫ് മിഷന്‍ പദ്ധതിയെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ ശ്രമമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ റെഡ്‌ക്രെസന്റ് നിര്‍മിച്ചു നല്‍കുന്ന ഭവനസമുച്ചയം സംബന്ധിച്ച ആരോപണങ്ങള്‍ ഉപയോഗപ്പെടുത്തി ലൈഫ് മിഷന്‍ പദ്ധതിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് മുഖ്യമന്ത്രി. 20 കോടിയുടെ കരാര്‍ തുകയില്‍ നിന്ന് ഇടനിലക്കാര്‍ പണം കൈപ്പറ്റിയതായാണ് ആരോപണം. ഇതിനെ ലൈഫ് മിഷനുമായി ബന്ധിപ്പിച്ച് അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. ഈ സാഹചര്യത്തില്‍ വടക്കാഞ്ചേരി ഫ്‌ലാറ്റുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലൈഫ് പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. മുന്‍കാലത്ത് പല പദ്ധതികളിലുമായി പൂര്‍ത്തിയാകാതെ കിടന്ന വീടുകള്‍, ഭൂമിയുള്ള ഭവനരഹിതര്‍, ഭൂമിയില്ലാത്ത ഭവനരഹിതര്‍ എന്നിവര്‍ക്ക് അടച്ചുറപ്പുള്ള പാര്‍പ്പിടം നിര്‍മിച്ചു നല്‍കുന്ന പദ്ധതിയാണ് ലൈഫ്. സമയബന്ധിതമായി രണ്ട് ലക്ഷം വീടുകള്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് 2020 ഫെബ്രുവരിയില്‍ പ്രഖ്യാപനം നടത്തി. നവംബര്‍ അവസാനത്തോടെ അമ്പതിനായിരം വീടുകള്‍ കൂടി പൂര്‍ത്തിയാക്കും. മുന്‍പ് അവസരം നഷ്ടപ്പെട്ടവര്‍ക്കും പല കാരണങ്ങളാല്‍ വീട് ലഭിക്കാത്തവര്‍ക്കും ഒരിക്കല്‍ കൂടി അപേക്ഷിക്കുവാന്‍ ഇന്ന് വരെ സമയം ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്. ഇതാണ് ലൈഫ്- മുഖ്യമന്ത്രി വിശദീകരിച്ചു.
വടക്കാഞ്ചേരി ഫ്‌ലാറ്റ് നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെങ്കില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടവര്‍ക്ക് എംഒയുവിന്റെ കോപ്പി ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് മുഴുവന്‍ രേഖകളും പരസ്യപ്പെടുത്തണമെന്നാണ് പ്രധാനമായും ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റു കാര്യങ്ങളില്‍ അദ്ദേഹത്തിനുള്ള മറുപടിയായി ചോദിച്ച രേഖകള്‍ നല്‍കുന്നതിന് സര്‍ക്കാരിന് ഒരുതരത്തിലുള്ള അലംഭാവവും ഉണ്ടാകില്ലെന്നും മുഖ്യമന്തരി പറഞ്ഞു.