കല്‍ക്കരി പ്രതിസന്ധി;ഇറക്കുമതിയിലൂടെ പരിഹാരം കണ്ടെത്താനൊരുങ്ങി കേന്ദ്രം
സര്‍ക്കാരിന്റെ കീഴിലുള്ള കോള്‍ ഇന്ത്യ എന്ന കല്‍ക്കരി ഖനന സ്ഥാപനമാണ് കല്‍ക്കരി പുറത്തു നിന്നും വാങ്ങുന്നത്
ന്യൂഡല്‍ഹി:കല്‍ക്കരി ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് കല്‍ക്കരി ഇറക്കുമതി ചെയ്യാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാരിന്റെ കീഴിലുള്ള കോള്‍ ഇന്ത്യ എന്ന കല്‍ക്കരി ഖനന സ്ഥാപനമാണ് കല്‍ക്കരി പുറത്തു നിന്നും വാങ്ങുന്നത്. ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനന കമ്പനിയാണിത്.
2015 ന് ശേഷം ആദ്യമായാണ് കോള്‍ ഇന്ത്യ കല്‍ക്കരി വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നത്. കല്‍ക്കരി ക്ഷാമം ഏപ്രില്‍ മാസത്തില്‍ കടുത്ത വൈദ്യുതി പ്രതിസന്ധി ഉണ്ടാക്കിയ സാഹചര്യത്തിലാണ് ഈ നീക്കം.
ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ നേരത്തെ കല്‍ക്കരി സംഭരണം നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു.എന്നാല്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇതിനു മുന്നോടിയായി പ്രത്യേകം കല്‍ക്കരി ഇറക്കുമതി ചെയ്യേണ്ടതില്ലെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.ഇതുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികള്‍ നിര്‍ത്തി വെക്കാനും നിര്‍ദേശിച്ചു.സംസ്ഥാനങ്ങള്‍ വെവ്വേറെ ഒന്നിലധികം കല്‍ക്കരി ഇറക്കുമതി ടെന്‍ഡറുകള്‍ വിളിക്കുന്നത് ആശയക്കുഴപ്പത്തിലേക്ക് നയിക്കുന്നതിനാല്‍ കോള്‍ ഇന്ത്യ വഴി കേന്ദ്രീകൃത സംഭരണം നടത്തിയാല്‍ മതിയെന്ന് ഭൂരിഭാഗം സംസ്ഥാനങ്ങളും അഭിപ്രായപ്പെട്ടെന്ന് ഊര്‍ജമന്ത്രാലയത്തിന്റെ കത്തില്‍ പറയുന്നു.
കഴിഞ്ഞ ഏപ്രിലില്‍ രാജ്യം സമാനതകളില്ലാത്ത കല്‍ക്കരി ക്ഷാമത്തെ നേരിട്ടിരുന്നു.ഉയരുന്ന വൈദ്യുതി ആവശ്യകതയാണ് ക്ഷാമത്തിന്റെ ആക്കം കൂട്ടുന്നത്. 38 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വൈദ്യുതി ഉപഭോഗം നടന്ന വര്‍ഷമാണ് ഇത്. കല്‍ക്കരി ക്ഷാമം മൂലം 14 സംസ്ഥാനങ്ങളില്‍ വൈദ്യുതി നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനത്തിനും ഇത് ഇടയാക്കി.