കൊറോണ: മരിച്ച ഇന്ത്യക്കാരന്റെ ഭാര്യക്ക് ജോലി വാഗ്ദാനം ചെയ്ത് കമ്പനി

കഴിഞ്ഞമാസം 26ന് ദുബയിലെ പ്രമുഖ ആശുപത്രിയില്‍ അന്തരിച്ച ഇന്ത്യന്‍ വംശജന്‍ രാജേന്ദ്ര രഹാത്തെയുടെ ഭാര്യ സുവര്‍ണക്കാണ് പ്രസിഷ്യന്‍ പ്ലാസ്റ്റിക് പ്രൊഡക്ട്സ് കമ്പനി അധികൃതര്‍ ജോലി വാഗ്ദാനം ചെയ്തത്.

Update: 2020-05-06 01:23 GMT

ദുബയ്: കൊറോണ വൈറസ് ബാധിച്ച് മരിച്ച തൊഴിലാളിയുടെ ഭാര്യയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് ദുബയ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനി. കഴിഞ്ഞമാസം 26ന് ദുബയിലെ പ്രമുഖ ആശുപത്രിയില്‍ അന്തരിച്ച ഇന്ത്യന്‍ വംശജന്‍ രാജേന്ദ്ര രഹാത്തെയുടെ ഭാര്യ സുവര്‍ണക്കാണ് പ്രസിഷ്യന്‍ പ്ലാസ്റ്റിക് പ്രൊഡക്ട്സ് കമ്പനി അധികൃതര്‍ ജോലി വാഗ്ദാനം ചെയ്തത്. 

ഭര്‍ത്താവിന്റെ ആകസ്മിക മരണത്തെ തുടര്‍ന്ന് പകച്ചുനില്‍ക്കുന്ന കുടുംബത്തിന് ഏറെ ആശ്വാസകരമാണ് കമ്പനിയുടെ സഹായഹസ്തം. ഏഴു വര്‍ഷമായി 17കാരിയായ മകളും ഭാര്യയുമൊത്ത് യുഎഇയില്‍ താമസിച്ചുവരികയായിരുന്നു രാജേന്ദ്രന്‍. ഏപ്രില്‍ അഞ്ചിനാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഭാര്യയും മകളും ക്വാറന്റൈനില്‍ കഴിയവെയാണ് ആരോഗ്യസ്ഥിതി വഷളായി രാജേന്ദ്ര മരിച്ചത്.500 ഓളം ജീവനക്കാരുള്ള കമ്പനിയില്‍ പ്രൊഡക്ഷന്‍ മാനേജരായിരുന്നു മരിച്ച രാജേന്ദ്ര.

സമര്‍ത്ഥനും സഹപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രിയങ്കരനുമായിരുന്ന രാജേന്ദ്രയെന്ന് പ്രസിഷ്യന്‍ പ്ലാസ്റ്റിക്സ് ജനറല്‍ മാനേജര്‍ ഡേവിഡ് സ്വാന്‍ അനുസ്മരിച്ചു. സുവര്‍ണയുടെ ജോലിയുടെ സ്വഭാവം എന്തായിരിക്കുമെന്ന് ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഏതാനും വര്‍ഷം അവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. 

Tags:    

Similar News