വ്യാജ മെയില്‍ ഐഡിയിലൂടെ ഫാറൂഖ് കോളെജിനെ അപകീര്‍ത്തിപ്പെടുത്തുന്നതായി പരാതി
രാമനാട്ടുകര: വ്യാജ ഇ മെയില്‍ ഐഡി സൃഷ്ടിച്ച് ഫാറൂഖ് കോളേജിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതായി പരാതി. പ്രിന്‍സിപ്പല്‍ ഡോ. കെ.എം.നസീര്‍ ഇതു സംബന്ധിച്ച് സൈബര്‍ സെല്ലിനും ഫറോക് പോലീസിലും പരാതി നല്‍കി. വ്യാജ ഐഡിയിലൂടെ കോളേജിന്റേതെന്ന പേരില്‍ വ്യാജ സര്‍ക്കുലറുകള്‍ അയക്കുന്നുവെന്നും കോളേജിന്റെയും പ്രിന്‍സിപ്പലിനെയും അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങള്‍ അയക്കുന്നു എന്നുമാണ് പരാതി. കോളേജിന്റെ ലോഗോയും ലെറ്റര്‍ഹെഡിന്റെ മാതൃകയും വ്യാജ സന്ദേശങ്ങളില്‍ ഉപയോഗിക്കുന്നുമുണ്ട്.
പ്രിന്‍സിപ്പലിന്റെ പേരില്‍ ഉണ്ടാക്കിയ അക്കൗണ്ടിലൂടെ കോളേജിലെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സന്ദേശങ്ങളും അയക്കുന്നുണ്ട്. വ്യാജ ഐഡി തടയണമെന്നും കുറ്റക്കാരെ ഉടന്‍ കണ്ടെത്തി ശിക്ഷിക്കണമെന്നും കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം.നസീര്‍ ആവശ്യപ്പെട്ടു