ഇന്ധനവില കുതിച്ചുയരുമെന്ന ആശങ്ക;പെട്രോള്‍ പമ്പുകളില്‍ വാഹനത്തിരക്ക്
റഷ്യ യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതും വില വര്‍ധിപ്പിക്കാന്‍ കാരണമാവുകയാണ്
പെരിന്തല്‍മണ്ണ: ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ രാജ്യത്തെ ഇന്ധന വില വര്‍ധിച്ചേക്കുമെന്ന ആശങ്കയില്‍ ജനം.പെട്രോള്‍ പമ്പുകളിലെല്ലാം വന്‍ വാഹനത്തിരക്കാണ് കാണാന്‍ കഴിയുന്നത്.പെട്രോള്‍ ലിറ്ററിന് 10 രൂപയെങ്കിലും വര്‍ധിക്കുമെന്നാണ് പറയുന്നത്. റഷ്യ യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതും വില വര്‍ധിപ്പിക്കാന്‍ കാരണമാവുകയാണ്.
നിര്‍ണായകമായ നിയമസഭ തിരഞ്ഞെടുപ്പുകള്‍ ആരംഭിക്കുന്നതിന് മുമ്പ് കഴിഞ്ഞ നവംബറിലാണ് നികുതി കുറച്ച് കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില താഴ്ത്തിയത്. നവംബറിനു ശേഷം രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ 25 ശതമാനത്തോളം വര്‍ധന ഉണ്ടായി. നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേന്ദ്രത്തിന് വേണ്ടിയാണ് നഷ്ടം സഹിച്ചും കമ്പനികള്‍ വിലവര്‍ധിപ്പിക്കാത്തതെന്ന ആരോപണം ശക്തമായിരുന്നു. എണ്ണക്കമ്പനികള്‍ക്ക് നിലവില്‍ ഉണ്ടാകുന്നത് ഏകദേശം അഞ്ചര രൂപയുടെ നഷ്ടമാണ്.ഇത് പരിഹരിക്കണമെങ്കില്‍ 9 മുതല്‍ 10 രൂപ വരെയെങ്കിലും വര്‍ധിപ്പിക്കേണ്ടി വരും. റഷ്യക്കെതിരെ രാജ്യാന്തര ഉപരോധം വരും ദിവസങ്ങളില്‍ കടുപ്പിച്ചാല്‍ ആഗോള തലത്തില്‍ എണ്ണ ലഭ്യത കുറയുകയും അത് ഇനിയും വില വര്‍ധിക്കാന്‍ കാരണമാവുകയും ചെയ്യും.
ഇന്ധന വില കൂടുന്നതോടെ ഉണ്ടാകുന്ന പണപ്പെരുപ്പം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച നിരക്കിനെ ബാധിക്കുമെന്നതിനാല്‍ വില ഒറ്റയടിക്ക് വര്‍ധിപ്പിക്കില്ലെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് ഫലത്തിനൊപ്പം ഇന്ധനവില എത്ര വര്‍ധിക്കും എന്നത് കൂടിയാകും ഇനി സാധാരണക്കാരുടെ ആശങ്ക.