പോപുലര്‍ ഫ്രണ്ട് മുന്‍ നേതാക്കള്‍ക്കെതിരായ ജപ്തി നടപടികള്‍ ഇന്ന് വൈകീട്ടോടെ പൂര്‍ത്തിയാവും

Update: 2023-01-21 04:07 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടുന്ന നടപടി ഇന്ന് വൈകീട്ടോടെ പൂര്‍ത്തിയാവും. ഇന്നലെ 14 ജില്ലകളിലായി 60 ഓളം സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സപ്തംബറില്‍ പോപുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ഈടാക്കാന്‍ 14 ജില്ലകളിലായി 60ഓളം നേതാക്കളുടെ വീടും സ്ഥലങ്ങളുമാണ് ജപ്തി ചെയ്തത്. പോപുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന, ജില്ലാ നേതാക്കളായിരുന്നവരുടെയും പ്രവര്‍ത്തകരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്.

ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പ് ജപ്തി പൂര്‍ത്തിയാക്കാനാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി വി അനുപമ ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശം. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. സ്വത്ത് കണ്ടുകെട്ടാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് ഇന്ന് വൈകീട്ട് അഞ്ചുമണിവരെയാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നല്‍കിയിരിക്കുന്ന സമയപരിധി. സ്വത്തുകണ്ടുകെട്ടിയതിന്റെ വിവരങ്ങള്‍ കലക്ടര്‍മാര്‍ സര്‍ക്കാരിന് കൈമാറും. ഇത് റിപോര്‍ട്ടായി ഹൈക്കോടതിയില്‍ നല്‍കും. മുന്‍കൂര്‍ നോട്ടിസില്ലാതെയാണ് അതിവേഗ ജപ്തി നടപടികള്‍. കൊല്ലം കരുനാഗപ്പള്ളിയില്‍ പോപുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താറിന്റെ വീടും വസ്തുവകകളും പട്ടാമ്പി ഓങ്ങല്ലൂരില്‍ മുന്‍ സംസ്ഥാന സെക്രട്ടറി സി എ റഊഫിന്റെ സ്ഥലവും ജപ്തി ചെയ്തു.

ആലുവയില്‍ 68 സെന്റില്‍ പ്രവര്‍ത്തിക്കുന്ന പെരിയാര്‍ വാലി ട്രസ്റ്റ് കാംപസിനും ജപ്തി ചെയ്തു. പാലക്കാട് 16ഉം വയനാട്ടില്‍ 14ഉം ഇടത്ത് ജപ്തി നടന്നു. ഇടുക്കിയില്‍ ആറും പത്തനംതിട്ടയില്‍ മൂന്നും ആലപ്പുഴയില്‍ രണ്ടും നേതാക്കളുടെ സ്വത്ത് വകകള്‍ ജപ്തിയായി. കോഴിക്കോട് 16 പേര്‍ക്ക് നോട്ടിസ് നല്‍കി. വയനാട്ടില്‍ 14 പേരുടെയും കണ്ണൂരില്‍ 7 പേരുടെയും കാസര്‍കോട് 5 പേരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളാണ് ആരംഭിച്ചത്. വന്യൂ റിക്കവറി നിയമത്തിലെ 35ാം വകുപ്പ് പ്രകാരമാണ് നടപടി.

Tags:    

Similar News