ഫര്‍സീന്‍ മജീദിനെതിരേ കാപ്പ ചുമത്താന്‍ നീക്കം; കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സംഘര്‍ഷം

Update: 2022-08-30 07:41 GMT

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഇന്‍ഡിഗോ വിമാനത്തില്‍ പ്രതിഷേധിച്ച ഫര്‍സീന്‍ മജീദിനെതിരേ കാപ്പ ചുമത്താനുള്ള നീക്കത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ പ്രവര്‍ത്തകര്‍ പോലിസുമായി സംഘര്‍ഷമുണ്ടായി. പോലിസുമായി പ്രവര്‍ത്തകര്‍ വാക്കേറ്റത്തിലേര്‍പ്പെട്ടു. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരേ പോലിസ് ജലപീരങ്കി പ്രയോഗിച്ചു.

ബാരിക്കേഡിന് മുകളില്‍ കയറിയ പ്രവര്‍ത്തകര്‍ പോലിസ് വാഹനത്തിന് നേരേ കമ്പെറിഞ്ഞു. പ്രവര്‍ത്തകര്‍ ആദ്യം പിരിഞ്ഞുപോവാന്‍ തയ്യാറായിരുന്നില്ല. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹമാണ് സ്ഥലത്ത് തമ്പടിച്ചിരിക്കുന്നത്. ഫര്‍സീനെതിരേ നിരവധി കേസുകളുണ്ടെന്നും ജില്ലയില്‍ നിന്നും നാടുകടത്തണമെന്നുമായിരുന്നു കമ്മീഷണര്‍ ആര്‍ ഇളങ്കോ സമര്‍പ്പിച്ച റിപോട്ടിലുള്ളത്. തുടര്‍ന്ന് ഡിഐജി രാഹുല്‍ ആര്‍ നായര്‍, ഫര്‍സീന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കേസുകളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഫര്‍സീന്‍ ഡിഐജിക്ക് മറുപടി നല്‍കിയത്.

Tags:    

Similar News