കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; രണ്ടുപേര്‍ക്ക് പരിക്ക്

അരിയല്ലൂര്‍ ജങ്ഷന് സമീപത്തെ ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് സംഭവം.

Update: 2021-01-03 01:57 GMT

വള്ളിക്കുന്ന്: തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാവിലെ അരിയല്ലൂര്‍ ജങ്ഷന് സമീപത്തെ ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് സംഭവം. നേതാക്കളായ ടി പി ഗോപിനാഥ്, അജീഷ്, വീക്ഷണം മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഏറ്റുമുട്ടല്‍. ഇവിടെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു.

ബ്ലോക്ക് പഞ്ചായത്തിലേക്ക് തേഞ്ഞിപ്പലം പഞ്ചായത്തില്‍നിന്ന് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിനെക്കുറിച്ചും മറ്റും യോഗത്തിലുണ്ടായ സംസാരം വാക്കേറ്റത്തില്‍ കലാശിക്കുകയായിരുന്നു. ബഹളമായതോടെ അധ്യക്ഷന്‍ യോഗം പിരിച്ചുവിട്ടു.

തേഞ്ഞിപ്പലത്തുനിന്ന് എത്തിയ പ്രവര്‍ത്തകനെ ചിലര്‍ മര്‍ദിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ഇതോടെ പ്രവര്‍ത്തകര്‍ ഹാളിനുള്ളില്‍ ഏറ്റുമുട്ടി. പിന്നീട് സംഘര്‍ഷം തെരുവിലേക്ക് നീങ്ങി. ഹാളില്‍നിന്ന് പുറത്തേക്ക് ഓടിയ ശേഷം അരിയല്ലൂര്‍ ജങ്ഷനില്‍ നില്‍ക്കുകയായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഉള്ളിശ്ശേരി വിനോദ്, ഉള്ളിശ്ശേരി മോഹനന്‍ എന്നിവരെ ഒരുസംഘം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇവര്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Tags:    

Similar News