കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ദിഗ്‌വിജയ സിങ് നാളെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

Update: 2022-09-29 07:39 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനു മുന്നോടിയായി നാമനിര്‍ദ്ദേശ പത്രിക ശേഖരിക്കാന്‍ ദിഗ്‌വിജയ സിംഗ് ഇന്ന് കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിച്ചേര്‍ന്നു. അദ്ദേഹം നാളെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും.

'ഞാന്‍ നാമനിര്‍ദ്ദേശ പത്രികകള്‍ വാങ്ങാന്‍ വന്നതാണ്,' ഒക്ടോബര്‍ 17ന് നടക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി അതിനുള്ള അവസാന ദിവസമായ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് ദിഗ്‌വിജയ സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മറ്റൊരു സ്ഥാനാര്‍ത്ഥിയായ ശശി തരൂര്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്ന് സിങ് ഇത്ര നാളായി ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു.

'ഞാന്‍ ആരുമായും ചര്‍ച്ച ചെയ്തിട്ടില്ല, ഹൈക്കമാന്‍ഡിന്റെ അനുമതിയും വാങ്ങിയിട്ടില്ല' എന്നായിരുന്നു കഴിഞ്ഞ ദിവസം വരെ അദ്ദേഹത്തിന്റെ പ്രതികരണം.

മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രിയും 75കാരനുമായ സിങ് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനാണ്.

രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അശോക് ഗെഹ്‌ലോട്ട് തുറന്ന കലാപം ആരംഭിച്ചതോടെയാണ് കോണ്‍ഗ്രസ്സില്‍ പ്രതിസന്ധി രൂപപ്പെട്ടത്.

ഗെഹ്‌ലോട്ട് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്നാണ് ഒരു വിഭാഗം ഇപ്പോഴും വാദിക്കുന്നത്. ഇന്ന് അദ്ദേഹം സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതിനുശേഷമായിരിക്കും ഇതുസംബന്ധിച്ച തീരുമാനമുണ്ടാവുക.

Tags:    

Similar News