കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: തല്‍സ്ഥിതിവാദികളും പരിഷ്‌കരണവാദികളും തമ്മിലുള്ള പോരാട്ടമോ?
കോണ്‍ഗ്രസ്സ് അധ്യക്ഷനെ തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന് നടക്കും. അതിനുള്ള നാമനിര്‍ദേശപത്രികാ സ്വീകരണം മൂന്ന് ദിവസത്തിനുള്ളില്‍ ആരംഭിക്കും.
20 വര്‍ഷത്തിനുശേഷം ഗാന്ധി കുടുംബത്തിനു പുറത്തുനിന്നുള്ള ഒരാളായിരിക്കും ഇത്തവണ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തെക്കുകയെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അധ്യക്ഷസ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ രണ്ട് പ്രമുഖരാണ് മല്‍സരരംഗത്തുള്ളത്. ഒന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടും മുന്‍ കേന്ദ്രമന്ത്രിയും മുന്‍ യുഎന്‍ ഉദ്യോഗസ്ഥനുമായ ഇപ്പോള്‍ തിരുവനന്തപുരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശശി തരൂരും.
അശോക് ഗലോട്ട് ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുളള നേതാവാണ്. കോണ്‍ഗ്രസ്സിലെ രാഹുല്‍ പക്ഷത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. രാഹുലിനെ അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രാജസ്ഥാന്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ഒരു പ്രമേയം കൊണ്ടുവന്നിരുന്നു. അത് അവതരിപ്പിച്ചതുതന്നെ ഗലോട്ടാണ്. അതിനര്‍ത്ഥം ഗാന്ധി കുടുംബത്തിനോട് താല്‍പര്യമുള്ളവരുടെ പിന്തുണ ഗലോട്ടിനായിരിക്കുമെന്നാണ്.
അതേസമയം പാര്‍ട്ടിയില്‍ പരിഷ്‌കരണമാവശ്യപ്പെടുന്ന വിഭാഗത്തിന്റെ നേതാവാണ് ശശി തരൂര്‍. കോണ്‍ഗ്രസ്സിന്റെ ജി 23 ഗ്രൂപ്പിലെ പ്രധാന നേതാക്കളിലൊരാളാണ് അദ്ദേഹം. പാര്‍ട്ടി നേതൃത്വത്തിന്റെ പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസ്സിന്റെ അധോഗതിക്ക് കാരണമെന്നാണ് ജി 23 നേതൃത്വത്തിന്റെ കാഴ്ചപ്പാട്. ജി 23 അംഗങ്ങളില്‍ പലരായി കോണ്‍ഗ്രസ് തന്നെ വിടുന്നതായാണ് അനുഭവം. മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ കബില്‍ സിബല്‍ പാര്‍ട്ടി വിട്ട് എസ്പി വഴി രാജ്യസഭയിലെത്തി. മറ്റൊരു നേതാവായ ഗുലാംനബി ആസാദ് പാര്‍ട്ടി വിടുക മാത്രമല്ല, പുതിയൊരു പാര്‍ട്ടിയും രൂപീകരിച്ചു.
വിദേശത്തുനിന്ന് ചികില്‍സ കഴിഞ്ഞ് എത്തിയ സോണിയാഗാന്ധിയെ തരൂര്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. ആര്‍ക്കുവേണമെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാമെന്നും അതിന് ആരുടെയും അനുമതിക്കായി കാത്തുനില്‍ക്കേണ്ടെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ജയ്‌റാം രമേശ് പ്രതികരിച്ചത് ഇതേ കുറിച്ചുള്ള വാര്‍ത്തകളോടാണോ എന്ന് വ്യക്തമല്ല.
തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പച്ചകൊടി കാണിച്ചതുവഴി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബം നിഷ്പക്ഷത പാലിക്കുന്നുവെന്ന പ്രതീതിയാണ് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിലായിരിക്കണം മല്‍സരിക്കാന്‍ അനുമതിക്കായി കാത്തിരിക്കേണ്ടെന്ന ജയ്‌റാം രമേശിന്റെ പ്രതികരണം.
സോണിയാ ഗാന്ധിയുമായി നടത്തിയ 40 മിനിറ്റ് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ തരൂര്‍ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തകളിലൂടെ ലഭ്യമായ സൂചന ഗാന്ധി കുടുംബം ഒരു നേതാവിനെയും പിന്തുണയ്ക്കുന്നില്ലെന്നാണ്. ഇത് എത്രമാത്രം സത്യസന്ധമായ നിലപാടാണെന്നത് ഇപ്പോള്‍ പറയാനാവില്ല. രണ്ട് സാധ്യതയുമുണ്ട്.
അതേസമയം ഒരു കാര്യം ഉറപ്പുപറയാനാവും. പരിഷ്‌കരണവാദികളും തല്‍സ്ഥിതിവാദികളും തമ്മിലുള്ള പോരാട്ടമായാണ് പലരും ഇന്നത്തെ സ്ഥിതിവിശേഷത്തെ കണക്കാക്കുന്നത്. അത് സത്യമാവാനും സാധ്യതയുണ്ട്.
ഇത് കോണ്‍ഗ്രസ്സിനെ പുതുക്കിപ്പണിയട്ടെയെന്ന് പ്രത്യാശിക്കാം.