അന്വേഷണ ഉദ്യോ​ഗസ്ഥരെ വധിക്കാൻ ​ഗൂഢാലോചന: ദിലീപിന്റെയും കൂട്ടാളികളുടെയും മൊബെെൽ ഫോണുകൾ ഇന്ന് ഹാജരാക്കണം

ഇന്ന് രാവിലെ പത്തേകാലിന് മുമ്പായി ആറു മൊബെെൽ ഫോണുകളും രജിസ്ട്രാർ ജനറലിന് മുമ്പിൽ ഹാജരാക്കാനാണ് ദിലീപിനോടും മറ്റു പ്രതികളോടും ഹെെക്കോടതി നിർദേശിച്ചിട്ടുള്ളത്.

Update: 2022-01-31 02:04 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പോലിസ് ഉദ്യോ​ഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ​ഗൂഢാലോചന നടത്തിയെന്ന പുതിയ കേസിൽ നിർണായക തെളിവുകളായ മൊബെെൽ ഫോണുകൾ ഹാജരാക്കേണ്ടത് ഇന്ന്. ഇന്ന് രാവിലെ പത്തേകാലിന് മുമ്പായി ആറു മൊബെെൽ ഫോണുകളും രജിസ്ട്രാർ ജനറലിന് മുമ്പിൽ ഹാജരാക്കാനാണ് ദിലീപിനോടും മറ്റു പ്രതികളോടും ഹെെക്കോടതി നിർദേശിച്ചിട്ടുള്ളത്.

ദിലീപ് ഉപയോഗിച്ച മൂന്ന് ഫോണുകൾ, സഹോദരൻ അനൂപിൻറെ കൈവശമുള്ള രണ്ട് ഫോണുകൾ, സഹോദരീ ഭർത്താവ് സുരാജിന്റെ കൈവശമുള്ള ഒരു ഫോൺ എന്നിവയാണ് മുദ്രവെച്ച കവറിൽ സമർപ്പിക്കേണ്ടത്. ദിലീപ് തന്നെ സ്വകാര്യ ഫോറൻസിക് പരിശോധനയ്ക്കായി മുംബൈയിലേക്കയച്ച രണ്ട് ഫോണുകൾ ഇന്നലെ രാത്രി കൊച്ചിയിൽ തിരിച്ചെത്തിച്ചിരുന്നു.

അതിനിടെ, ദിലീപിൻറേയും കൂട്ടു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയും ഫോൺ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഉപഹർജിയും ജസ്റ്റിസ് പി ​ഗോപിനാഥിന്റെ ബെഞ്ച് ഉച്ചയ്ക്ക് 1.45ന് പരിഗണിക്കും. കോടതിക്ക് കൈമാറുന്ന ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും.

ദിലീപിന്റെ നാലാമത്തെ ഫോൺ ഹാജരാക്കണമെന്ന കാര്യവും പ്രോസിക്യൂഷൻ തിങ്കളാഴ്ച കോടതിയിൽ ഉന്നയിക്കും. അതേസമയം, ഗൂഢാലോചനയുടെ ഭാഗമായി പ്രതികൾ എംജി റോഡിലെ ഫ്ളാറ്റിൽ ഒത്തുച്ചേർന്നു എന്ന് ക്രൈംബ്രാഞ്ച് പറയുന്ന സംഭവത്തിൽ കൂടുതൽ പേരെ ചോദ്യംചെയ്യും. ദിലീപ്, അനൂപ്, സൂരജ് എന്നിവർ പങ്കെടുത്തു എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.

Tags:    

Similar News