സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി കേരള മീഡിയ അക്കാദമി സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്കും, പൊതുജനങ്ങൾക്കുമായി ലഹരിക്കെതിരായ സന്ദേശം ഉൾപ്പെടുത്തിയ പ്രസംഗം, വീഡിയോ ചിത്രം, ഡിജിറ്റൽ പോസ്റ്റർ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
പ്രസംഗ മത്സരം
എൽ.പി-യുപി, ഹൈസ്‌കൂൾ-ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്ക് 'ലഹരി വിരുദ്ധ കേരളം സാധ്യമാക്കുന്നതിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം' എന്ന വിഷയത്തിൽ 5 മിനിറ്റിൽ കവിയാത്ത മലയാളത്തിലുള്ള പ്രസംഗം ഓഡിയോ/ വീഡിയോ രൂപത്തിൽ മത്സരത്തിന് അയയ്ക്കാം. പേര്, വിലാസം, പഠിക്കുന്ന ക്ലാസ്സ്, സ്‌കൂൾ എന്നിവ വ്യക്തമാക്കിയിരിക്കണം. എൽ.പി-യുപി, ഹൈസ്‌കൂൾ-ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകമായാണ് മത്സരം. മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത് പ്രസംഗം അയച്ചുനൽകാം.
ലഘു വീഡിയോ ചിത്ര മത്സരം
കോളേജ് വിദ്യാർത്ഥികൾക്കായുള്ള ലഹരി വിരുദ്ധ സന്ദേശ ലഘു വീഡിയോ ചിത്ര മത്സരത്തിന് 30 സെക്കന്റ് മുതൽ 3 മിനിറ്റ് വരെയുള്ള മൊബൈലിൽ ഫോണിൽ ചിത്രീകരിച്ച മലയാളത്തിലോ, ഇംഗ്ലീഷിലോ ഉള്ള മൗലിക സൃഷ്ടികൾ സമർപ്പിക്കാം. കഥാചിത്രം, ഡോക്യൂമെന്ററി, സംഗീത ആൽബം, പരസ്യചിത്രം തുടങ്ങിയ ഏത് രൂപത്തിലുള്ള സൃഷ്ടിയുമാകാം. ഒറ്റ വിഭാഗമായാണ് ഇവ പരിഗണിക്കുക.
പോസ്റ്റർ രൂപകൽപന മത്സരം
വിദ്യാർത്ഥികൾക്കും, പൊതുജനങ്ങൾക്കും ഈ വിഭാഗത്തിലെ മത്സരത്തിൽ പങ്കെടുക്കാം. ലഹരി വിരുദ്ധ സന്ദേശം ഉൾപ്പെടുത്തിയ jpeg ഫോർമാറ്റിലുള്ള ഇംഗ്ലീഷ്/മലയാളം പോസ്റ്ററുകൾ അയയ്ക്കാം. അയയ്ക്കുന്ന ആളുടെ വ്യക്തി വിവരങ്ങൾ വ്യക്തമായിരിക്കണം.
പ്രസംഗ മത്സരം എൽ.പി-യുപി, ഹൈസ്‌കൂൾ-ഹയർ സെക്കഡറി എന്നീ വിഭാഗങ്ങൾക്കും, പോസ്റ്റർ മത്സരത്തിനും ഒന്നാം സമ്മാനമായി 5000 രൂപ വീതവും, രണ്ടാം സമ്മാനമായി 4000 രൂപ, മൂന്നാം സമ്മാനം 3000 രൂപ, പ്രോത്സാഹന സമ്മാനം 5 പേർക്ക് 1000 രൂപ വീതം എന്ന ക്രമത്തിലും, വീഡിയോ ചിത്ര മത്സരത്തിന് ഒന്നാം സമ്മാനമായി 10,000 രൂപ, രണ്ടാം സമ്മാനമായി 7500 രൂപ, മൂന്നാം സമ്മാനമായി 5000 രൂപ, പ്രോത്സാഹന സമ്മാനം 5 പേർക്ക് 2000 രൂപ വീതം എന്ന ക്രമത്തിലും സമ്മാനമായി നൽകും. ഒപ്പം സർട്ടിഫിക്കറ്റുകളും നൽകും.
ക്യാഷ് പ്രൈസ്/സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് പുറമെ, മത്സരത്തിൽ സമ്മാനർഹമാകുന്ന പ്രസംഗങ്ങൾ മീഡിയ അക്കാദമിയുടെ റേഡിയോ കേരളയിൽ പ്രക്ഷേപണം ചെയ്യും. വീഡിയോ, പോസ്റ്ററുകൾ എന്നിവ അക്കാദമിയുടെ മാധ്യമ ജാലകം ടെലിവിഷൻ പരിപാടിയിലും സംപ്രേഷണം ചെയ്യുന്നതാണ്.
മൂന്ന് വിഭാഗങ്ങളിലും കേരളത്തിനകത്തും, പുറത്തുമുള്ള മലയാളികൾക്ക് പങ്കെടുക്കാം. മൗലിക സൃഷ്ടികളാണ് സമർപ്പിക്കേണ്ടത്. യാതൊരുവിധ പകർപ്പവകാശ ലംഘനവും ഉണ്ടാകരുത്. സൃഷ്ടികൾ ഈ മാസം 26-ന് വൈകുന്നേരം 5 മണിക്ക് മുൻപായി notodrug.keralamediaacademy.org എന്ന ലിങ്കിൽ ലഭിച്ചിരിക്കണം. സമ്മാനങ്ങൾ ഈ മാസം 31-ന് പ്രഖ്യാപിക്കും. സംശയ നിവാരണത്തിന് 9744844522 എന്ന നമ്പരിൽ ബന്ധപ്പെടാം.