ക്രിമിനല്‍ പശ്ചാത്തലമുള്ളര്‍ക്ക് സ്വീകരണം; പത്തനംതിട്ട സിപിഎമ്മില്‍ വിവാദം രൂക്ഷം
തിരുവനന്തപുരം: കാപ കേസ് പ്രതി ഉള്‍പ്പെടെയുള്ളവര്‍ക്ക് പാര്‍ട്ടിയിലേക്ക് സ്വീകരണം നല്‍കിയതിനെ ചൊല്ലി പത്തനംതിട്ട സിപിഎമ്മിലുണ്ടായ വിവാദം രൂക്ഷമാവുന്നു. ഇവര്‍ക്ക് സ്വീകരണമൊരുക്കിയതില്‍ സിപിഎം ജില്ലാ സെക്രട്ടറിക്കും ഔദ്യോഗിക വിഭാഗത്തിനുമെതിരേ സിപിഎമ്മില്‍ പടയൊരുക്കം. തിരുത്തല്‍ നടപടിക്കിറങ്ങിയ പാര്‍ട്ടിയെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും സംഘവും ചേര്‍ന്ന് പ്രതിസന്ധിയിലാക്കിയെന്നാണ് വിമര്‍ശനം.
വിവാദങ്ങളില്‍ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനും അതൃപ്തിയുണ്ടെന്നാണ് സൂചന. ബിജെപിവിട്ടു വന്ന 62 പേരെ ജില്ലാ സെക്രട്ടറിയും മന്ത്രി വീണാജോര്‍ജും ചേര്‍ന്ന് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചതിനു പിന്നാലെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. പാര്‍ട്ടിവിട്ടവരില്‍ പ്രധാനിയായ ശരണ്‍ ചന്ദ്രന്‍ കാപ കേസ് പ്രതിയെന്ന വിവരവും പുറത്തുവന്നു. പിന്നാലെ യദു കൃഷ്ണന്‍ എന്ന യുവാവ് കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടെന്നതും വിവാദം രൂക്ഷമാക്കി. എസ്എഫ്‌ഐ പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പോലിസ് തിരയുന്ന സുധീഷിനും സ്വീകരണം നല്‍കിയെന്ന വിവരം പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. കേസുകളെല്ലാം ഒഴിവാക്കാമെന്ന ഉറപ്പിലാണ് ഇഡ്ഡലി എന്ന ശരണ്‍ ചന്ദ്രനെയും കൂട്ടാളികളെയും പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നതെന്നാണ് ഒരുവിഭാഗം നേതാക്കളുടെ ആരോപണം. മലയാലപ്പുഴയിലെയും പത്തനംതിട്ടയിലെയും പാര്‍ട്ടി പ്രാദേശിക ഘടകങ്ങളെ പോലും അറിയിക്കാതെ സ്വീകരണ പരിപാടിയും നടത്തി. വിവാദങ്ങള്‍ ഓരോന്നും പാര്‍ട്ടിക്ക് നാണക്കേടായെന്ന് ജില്ലാ സെക്രട്ടേറിയേറ്റിലെ വിമര്‍ശനം. മാത്രമല്ല, സ്വീകരണത്തിനുപോയ ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെയതും തിരിച്ചടിയായി. സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെ കാര്യങ്ങള്‍ പരിശോധിക്കണമെന്നാണ് ജില്ലാ നേതാക്കളിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.