വളപട്ടണം: സവര്‍ണ സംവരണം നടപ്പാക്കിയപ്പോള്‍ സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പിന്തുണച്ചതിലൂടെ അവരുടെ പിന്നാക്ക വിരുദ്ധതയാണ് വ്യക്തമായി തെളിഞ്ഞതെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി. എസ്ഡിപിഐ അഴീക്കോട് മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംവരണം ഭരണഘടന നല്‍കിയ അവകാശമാണ്. അധികാര പങ്കാളിത്തമാണ് സംവരണത്തിലൂടെ ലക്ഷ്യമിട്ടത്. എന്നാല്‍, ഇന്നത് വെറും ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയായി മാറ്റിയിരിക്കുകയാണ്.
രാജ്യത്ത് തന്നെ ആദ്യമായി ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലാണ് സവര്‍ണ സംവരണം നടപ്പാക്കിയത്. രാജ്യം നേരിടുന്ന ഫാഷിസ്റ്റ് ഭീഷണിയില്‍ നിന്ന് രക്ഷിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഹിന്ദുത്വ ഫാഷിസ്റ്റ് വിരുദ്ധതയില്‍ മുഖ്യധാര കക്ഷികളെ വിശ്വാസത്തിലെടുക്കാനാവില്ലെന്ന് നിരവധി സംഭവങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. രാജ്യത്ത് ഫാഷിസ്റ്റ് വിരുദ്ധതയില്‍ ഇന്ന് വിശ്വസിക്കാവുന്ന ഒരേയൊരു പ്രസ്ഥാനം എസ്ഡിപിഐ ആണ്. നിര്‍ഭയ രാഷ്ട്രീയത്തിന് കരുത്തുപകരാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത്, ജില്ലാ ട്രഷറര്‍ ആഷിക് അമീന്‍, മണ്ഡലം ഓര്‍ഗനൈസിങ് സെക്രട്ടറി ഹനീഫ കണ്ണാടിപ്പറമ്പ്, മണ്ഡലം കമ്മിറ്റി അംഗം സി ഷാഫി സംസാരിച്ചു. പുതുതായി പാര്‍ട്ടിയിലേക്ക് കടന്നുവന്ന അമ്പതോളം പേര്‍ക്ക് സ്വീകരണം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്. ജില്ലാ കമ്മിറ്റി അംഗം ഷുക്കൂര്‍ മങ്കടവ്, ജില്ലാ കമ്മിറ്റി അംഗം അബ്ദുള്ള മന്ന, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി ഖദീജ ഹനീഫ, പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്ത് പതിനേഴാം വാര്‍ഡ് മെമ്പര്‍ കെ വി മുബ്‌സീന, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് അഴീക്കോട് മണ്ഡലം പ്രസിഡണ്ട് ഫാസിലാ നിസാര്‍ എന്നിവര്‍ സംബന്ധിച്ചു.