പാലത്തിനു മുകളിലെ റെയില്‍പാളത്തില്‍നിന്ന് ഫോട്ടോ ഷൂട്ട്; ട്രെയിൻ വന്നപ്പോൾ 90 അടി താഴ്ചയിലേക്ക് ചാടി നവദമ്പതിമാർ
ജയ്പുര്‍: പാലത്തിനു മുകളില്‍, റെയില്‍പാളത്തില്‍നിന്നുള്ള ഫോട്ടോ ഷൂട്ടിനിടെ അപ്രതീക്ഷിതമായി ട്രെയിന്‍ വന്നു. മറ്റൊന്നും ആലോചിച്ചില്ല, നവദമ്പതിമാര്‍ താഴേയ്ക്ക് എടുത്തുചാടി. രാജസ്ഥാനിലെ പാലിയിലാണ് സംഭവം. ട്രെയിന്‍ വന്നപ്പോള്‍ രക്ഷപ്പെടാന്‍ മറ്റൊരു വഴിയുമില്ലാതെയാണ് ഇരുവരും പാലത്തില്‍നിന്ന് 90 അടി താഴ്ചയിലേക്ക് ചാടിയത്. അപകടത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റു.
ബാഗ്രി നഗര്‍ സ്വദേശികളായ രാഹുല്‍ മേവാദ (22), ഭാര്യ ജാന്‍വി (20) എന്നിവരാണ് പാലത്തില്‍നിന്ന് ചാടിയത്. ഗോറാം ഘട്ടിലേക്ക് ബൈക്കില്‍ പോകവെയാണ് ഇരുവരും ഫോട്ടോഷൂട്ടിനായി ഗോറാം ഘട്ട് ഹെറിറ്റേജ് ബ്രിഡ്ജിലെത്തിയത്. മീറ്റര്‍ ഗേജ് റെയില്‍പാതയായതിനാല്‍ പാലത്തിന് വീതി കുറവാണ്.
പാലത്തിന് മുകളില്‍ ചിത്രീകരണം നടത്തിക്കൊണ്ടിരിക്കവെയാണ് ട്രെയിന്‍ വന്നത്. എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ച ഇരുവരും ട്രെയിന്‍ തൊട്ടടുത്ത് എത്തിയപ്പോഴേക്കും താഴോട്ട് എടുത്തുചാടുകയായിരുന്നു. ദമ്പതിമാരെ കണ്ട ലോക്കോ പൈലറ്റ് പാലത്തിന് മുകളില്‍ ട്രെയിന്‍ നിര്‍ത്തിയിരുന്നു. ഇതിന്റെയെല്ലാം ഞെട്ടിക്കുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്.
നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ രാഹുലിനെ വിദഗ്ധ ചികിത്സയ്ക്കായി ജോധ്പുരിലെ ആശുപത്രിയിലേക്ക് മാറ്റി. കാല്‍ ഒടിഞ്ഞ ജാന്‍വി ബാംഗറിലെ ആശുപത്രിയിലാണ്. രാഹുലിനും ജാന്‍വിയ്ക്കുമൊപ്പം രാഹുലിന്റെ സഹോദരിയും ഭര്‍ത്താവും ഉണ്ടായിരുന്നു. ട്രെയിന്‍ വരുന്നത് കണ്ട ഇവര്‍ പാലത്തില്‍ നിന്ന് ഓടിമാറിയതിനാല്‍ രക്ഷപ്പെട്ടു.